
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദുബായില്‍ പുതിയ ക്വാറന്റീന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു. കൊറോണ ബാധിതരുമായി അടുത്തിടപെടേണ്ടി വന്നവര്‍ 10 ദിവസം ക്വാറന്റീനിലിരിക്കണമെന്ന് ദുബായ് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.
രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കാതെ 15 മിനിറ്റില്‍ കൂടുതല്‍ കൊവിഡ് രോഗിയുമായി കഴിയേണ്ടി വന്നവരാണ് ക്വാറന്റീനില്‍ പോകേണ്ടത്. കൊവിഡ് രോഗിയുമായി ഇടപഴകിയതിനെ തുടര്‍ന്ന് പോസിറ്റീവായാലും അല്ലെങ്കിലും, രോഗലക്ഷണങ്ങളില്ലെങ്കിലും 10 ദിവസത്തെ സമ്പര്‍ക്ക വിലക്ക് നിര്‍ബന്ധമാണ്.
കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായിട്ടുണ്ടെങ്കില്‍ അത് തൊഴിലിടത്തും, സുഹൃത്തുക്കളെയും നിര്‍ബന്ധമായും അറിയിച്ചിരിക്കണം. ക്വാറന്റീന്‍ സമയത്ത് ഇവര്‍ ഒരു കാരണവശാലും താമസയിടത്തു നിന്ന് പുറത്തിറങ്ങരുതെന്നും ഡിഎച്ച്എ മുന്നറിയിപ്പ് നല്‍കി.
അതിനിടെ ഷാര്‍ജയില്‍ പൊലീസ് ആസ്ഥാനവും, പൊലീസ് കസ്റ്റമര്‍ കെയര്‍ സെന്ററുകളിലും പ്രവേശിക്കാന്‍ കൊവിഡ് 19 നെഗറ്റീവ് പിസിആര്‍ ഫലം നിര്‍ബന്ധമാക്കി. 48 മണിക്കൂറിനകം എടുത്ത പിസിആര്‍ ഫലമാണ് ഹാജരാക്കേണ്ടത്. ഫെബ്രവരി 11 മുതല്‍ നിയമം നിലവില്‍വരും. രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് നിയമം ബാധകമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല