1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2024

സ്വന്തം ലേഖകൻ: ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര പദ്ധതി വരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ ഓഫീസുകളിലേക്കും പോവുകയും അവര്‍ തിരികെ വീടുകളിലേക്ക് വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി പുതിയ നടപടികളുമായി ദുബായ് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. റോഡിലെ വാഹനങ്ങളുടെ ഒഴുക്ക് തടസ്സരഹിതമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.

ഇതിന്റെ ഭാഗമായി ദുബായിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളില്‍ സാധ്യമായ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റും. ഇതുവഴി പീക്ക് ടൈമുകളില്‍ റോഡുകളിലെ വാഹനങ്ങളുടെ എണ്ണം വലിയൊരളവ് വരെ കുറയ്ക്കാനാവുമെന്നാണ് കരുതുന്നത്. അതോടൊപ്പം ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതും പദ്ധതിയുടെ ഭാഗമാണ്. തിരക്കേറിയ സമയങ്ങള്‍ ഒഴിവാക്കി ജോലി സമയത്തില്‍ മാറ്റം വരുത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ദുബായിലെ ഓഫീസുകളില്‍ അടിയന്തര ഘട്ടങ്ങളില്‍ ജീവനക്കാര്‍ക്ക് ഓഫീസിലെത്താതെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയുന്ന വര്‍ക്ക് ഫ്രം ഹോം രീതിക്ക് ആവശ്യമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ മധ്യത്തിലും മെയ് മാസത്തിന്റെ തുടക്കത്തിലും ദുബായിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് എമിറേറ്റിലെ സ്വകാര്യ, സര്‍ക്കാര്‍ ഓഫീസുകള്‍ ഓണ്‍ലൈനായി, ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

അതുകൊണ്ട് തന്നെ വിദൂര തൊഴില്‍ സാധ്യത ഉപയോഗപ്പെടുത്തുന്നതില്‍ മിക്കവാറും ഓഫീസുകള്‍ക്ക് തടസ്സമുണ്ടാവാനിടയില്ല എന്ന വിലയിരുത്തലിലാണ് അധികൃതര്‍. അതേസമയം, ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താനുള്ള പുതിയ നയം എങ്ങനെ, എപ്പോള്‍ നടപ്പാക്കുമെന്ന കാര്യം ദുബായ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല. ഇതുമായി സംബന്ധിച്ച് ദുബായ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു പഠനം നേരത്തേ നടത്തിയിരുന്നു. ഈ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ സമഗ്ര പദ്ധതി തയ്യാറാക്കുക.

ഇതിനു പുറമെ, ദുബായിലെ പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശി ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിച്ച ട്രാഫിക് ഫ്‌ളോ പ്ലാനില്‍ യാത്രാ സമയം 59 ശതമാനം വരെ ലാഭിക്കാന്‍ കഴിയുന്ന രീതിയില്‍ നിലവിലെ പൊതു ബസ് റൂട്ടുകള്‍ വികസിപ്പിക്കാന്‍ തീരുമാനമായിരുന്നു.

നേരത്തെ, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ദുബായുടെ സമര്‍പ്പിത ബസ് പാതകളുടെ ശൃംഖല 20 കിലോമീറ്ററിലധികം ഉയര്‍ത്താനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ക്കു മാത്രമായുള്ള ഈ പാതകള്‍ 2025 നും 2027 നും ഇടയില്‍ പൂര്‍ത്തിയാക്കാനാവും എന്നാണ് കണക്കാക്കപ്പെടുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വന്തം കാറുകളില്‍ രക്ഷിതാക്കള്‍ കൊണ്ടുചെന്നാക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്നതിന് പകരം സ്‌കൂള്‍ ബസ്സുകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളും പുതിയ ട്രാഫിക് പരിഷ്‌ക്കരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഇത് സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള ഗതാഗതം 13 ശതമാനം കണ്ട് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവുമുള്ള റോഡുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ ഇതുവഴി കഴിയും.

അതേസമയം, ജനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ മാത്രമേ പദ്ധതി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിക്കുകയുള്ളൂ എന്ന് ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. നയം, നിയമനിര്‍മ്മാണം, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ രൂപപ്പെടുത്തുന്നതില്‍ കമ്മ്യൂണിറ്റി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നയത്തിനും കൗണ്‍സില്‍ അംഗീകാരം നല്‍കി. സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസൃതമായ മാറ്റങ്ങളാണ് ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടത്. ഇതിന് സമൂഹത്തിലെ വ്യക്തികളുമായി മെച്ചപ്പെട്ട ഇടപഴകലുകള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.