1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2021

സ്വന്തം ലേഖകൻ: യു.കെ.യിൽനിന്ന് ഒളിച്ചോടിയെത്തിയ മയക്കുമരുന്ന് സംഘത്തലവനെ ദുബായ് പോലീസ് അറസ്റ്റുചെയ്തു. എട്ട് വർഷമായി യു.കെ.യിലെ പിടികിട്ടാപ്പുള്ളിയായി നടന്നിരുന്ന മൈക്കൽ പോൾ മൂഗനാണ് (35) ദുബായ് പോലീസിന്റെ വലയിലായത്. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ രാജ്യത്തേക്ക് പ്രവേശിച്ചത്. ഒരു പ്രധാന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുള്ളതായി അധികൃതർ അറിയിച്ചു. മികച്ച ഏകോപനം, പ്രൊഫഷണലിസം, അതിവേഗ നടപടി എന്നിവക്ക് യു.കെ. ദേശീയ ക്രൈം ഏജൻസി ദുബായ് പോലീസിന് നന്ദി അറിയിച്ചു.

ഏപ്രിൽ 21- ന് ഇന്റർപോളിൽ നിന്നും റെഡ് നോട്ടീസ് ലഭിച്ചതിന് ശേഷമാണ് അറസ്റ്റ് നടപടികളുണ്ടായത്. ദുബായ് പോലീസ് യു.കെ. ദേശീയ ക്രൈം ഏജൻസിയുമായി സംയുക്തമായായിരുന്നു ഓപ്പറേഷൻ. 2013- ൽ യു.കെ.യിലെ റോട്ടർഡാം കഫേയിൽ നടന്ന റെയ്ഡിനിടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കിലോക്കണക്കിന് കൊക്കെയ്ൻ യു.കെ.യിൽ എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഓപ്പറേഷൻ സെന്ററായി ഈ കഫേ പ്രവർത്തിക്കുകയായിരുന്നുവെന്നാണ് വിവരം.

അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ദുബായ് പോലീസും, അന്താരാഷ്ട്ര നിയമ നിർവഹണ ഏജൻസികളും തമ്മിലുള്ള സഹകരണത്തിന്റെ മറ്റൊരു നേട്ടമാണിതെന്ന് ദുബായ് പോലീസ് കമാൻഡ് ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. കുറ്റവാളിയെ തിരിച്ചറിയാൻ ദുബായ് പോലീസിലെ ക്രിമനൽ ഡേറ്റാ അനാലിസിസ് സെന്ററിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിലൂടെ കഴിഞ്ഞുവെന്ന് വാണ്ടഡ് പേഴ്‌സൺസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ സയീദ് അൽ കംസി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.