1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2021

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി യുഎഇ ഭരണകൂടം നടപ്പിലാക്കുന്ന സൗജന്യ വാക്‌സിനേഷന്‍ ക്യാംപയിന് പിന്തുണയുമായി ദുബായിലെ സ്വകാര്യ ആശുപത്രികളിലും. വാക്‌സിനുകളില്‍ ചെലവ് കൂടിയ ഫൈസര്‍-ബയോണ്‍ടെക് വാക്സിന്റെ ഒന്നും രണ്ടും ഡോസുകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ദുബായിലെ സ്വകാര്യ ആശുപത്രികള്‍.

വാക്‌സിന് അര്‍ഹരായ 100 ശതമാനം പേര്‍ക്കും അത് ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ നടപടിക്ക് കരുത്തു പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ സൗജന്യമായി നല്‍കിവരുന്ന സിനോവാക്‌സിന് പുറമെയാണ് ഫൈസര്‍ വാക്‌സിന്‍ കൂടി നല്‍കാന്‍ ആശുപത്രികള്‍ മുന്നോട്ടു വന്നിരിക്കുന്നത്.

കോവിഡിന്റെ ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ള വാക്‌സിനാണ് ഫൈസര്‍ ബയോണ്‍ടെക്. ഇതുവരെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നു മാത്രമായിരുന്നു ഇത് വിതരണം ചെയ്തിരുന്നത്. അതേസമയം, ആദ്യ രണ്ട് ഡോസുകള്‍ മാത്രമാണ് നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് സൗജന്യമായി ലഭിക്കുക. മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് ഇവിടെ ലഭിക്കില്ല.

റസിഡന്‍സ് വിസയും എമിറേറ്റ്‌സ് ഐഡിയുമുള്ള പ്രവാസികള്‍ക്കും ഈ സൗജന്യ വാക്‌സിന്‍ ലഭിക്കും. അതോടൊപ്പം ഷാര്‍ജയില്‍ വിസയുള്ളവരും എന്നാല്‍ ദുബായില്‍ താമസിക്കുന്നവരായ പ്രവാസികള്‍ക്കും ഇവിടെ നിന്ന് വാക്‌സിനെടുക്കാം. ഇവര്‍ ദുബായില്‍ താമസിക്കുന്നതിന്റെ തെളിവായി അവരുടെവൈദ്യുതി ബില്ലോ വാടക രേഖയായ ഇജാരിയോ ഹാജരാക്കിയാല്‍ മതി. വാക്‌സിന്‍ ആവശ്യമുള്ളവര്‍ ഇതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

ദുബായ് ജബല്‍ അലിയിലെ ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റലാണ് ഫാസര്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ആശുപത്രിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ ലഭ്യമാണെന്നും വാക്‌സിനേഷനായി സ്ലോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാനും ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ദുബായിലെ സുലേഖ ഹോസ്പിറ്റലും 21 മുതല്‍ 28 ദിവസത്തിന്റെ ഇടവേളയില്‍ ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസുകള്‍ നല്‍കുന്നുണ്ട്. കഴിയുമെങ്കില്‍ ഈ സൗജന്യ വാക്‌സിന്‍ പ്രയോജനപ്പെടുത്താമെന്നും സുലേഖ ആശുപത്രി അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ ഫൈസര്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.