
സ്വന്തം ലേഖകൻ: ക്വാറന്റീനിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള സ്മാർട് വാച്ചുമായി ദുബായ്. 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന നിയമം ലംഘിക്കുന്നുണ്ടോ എന്നത് വാച്ചിലൂടെ നിരീക്ഷിക്കും. ദൈനംദിന ആരോഗ്യവിവരങ്ങളും നിരീക്ഷിക്കും.
വിവിധ എമിറേറ്റുകളിലെ വിമാനത്താവളങ്ങൾ വഴി യുഎഇയിലെത്തി റോഡ് മാർഗം അബുദാബിയിലേക്കു കടക്കുന്ന രാജ്യാന്തര യാത്രക്കാർക്കാണ് കഴിഞ്ഞ ദിവസം മുതൽ സ്മാർട് വാച്ച് ധരിപ്പിക്കുന്നത്. ഇവരെ തിരിച്ചറിയാൻ എയർപോർട്ടിൽവച്ചുതന്നെ പാസ്പോർട്ടിൽ പിഎച്ച് എന്ന സ്റ്റിക്കറും പതിക്കുന്നുണ്ട്.
വാച്ച് ഓഫാക്കാനോ അഴിക്കാനോ പാടില്ല. വയർലസ്‍ ചാർജർ ഉപയോഗിച്ച് സമയബന്ധിതമായി ചാർജ് ചെയ്യണം. താമസ സ്ഥലത്ത് എത്തിയാൽ ഉടൻ ലൊക്കേഷൻ ബന്ധപ്പെട്ട നമ്പറിൽ അയച്ചു കൊടുക്കണം. 12 ദിവസം കഴിഞ്ഞാൽ നിശ്ചിത നമ്പറിൽ വിളിച്ച് അറിയിക്കണം. തുടർന്ന് ലഭിക്കുന്ന നിർദേശം അനുസരിച്ച് വീണ്ടും കൊവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവായാൽ അധികൃതർ തന്നെ വാച്ച് അഴിച്ചു മാറ്റും.
അബുദാബിയിലേക്കുള്ള പ്രവേശനം താമസ വീസയുള്ളവർക്കു മാത്രമായതിനാൽ, സന്ദർശക വീസ ലഭിച്ച മലയാളികൾ അടക്കമുള്ളവർ മറ്റ് എമിറേറ്റുകളിൽ വിമാനമിറങ്ങി അബുദാബിയിൽ എത്തുന്നുണ്ട്. ഇവർക്കായി ദുബായ്–അബുദാബി അതിർത്തിയായ ഗന്തൂത്തിൽ പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ട്. ഇവിടെ എത്തി വ്യക്തിഗത വിവരങ്ങളും ക്വാറന്റീനിൽ കഴിയുന്ന സ്ഥലവും എഴുതി നൽകുന്നതോടെ വാച്ച് ധരിപ്പിക്കും.
അതിനിടെ വാച്ച് അഴിക്കാൻ ശ്രമിച്ച മലയാളിക്ക് അര ലക്ഷം ദിർഹം പിഴ ചുമത്തിയതായി അറിയിച്ച് എസ്എംഎസ് സന്ദേശം ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല