1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2022

സ്വന്തം ലേഖകൻ: ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ ഇനി ആർടിഎയുടെ പ്രധാന സേവനങ്ങൾ അതിവേഗ ട്രാക്കിൽ. ‘ക്ലിക് ആൻഡ് ഡ്രൈവ്’ സ്മാർട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താം. ഡ്രൈവിങ് ലൈസൻസ്, റജിസ്ട്രേഷൻ നടപടിക്രമങ്ങൾക്കും കണ്ണ് പരിശോധനയ്ക്കുമെല്ലാം ഓഫിസുകൾ കയറിയിറങ്ങേണ്ട.

പുതിയ സംവിധാനത്തിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്താനും ലക്ഷ്യമിടുന്നു. ‘ക്ലിക് ആൻഡ് ഡ്രൈവിലൂടെ’ ഡിജിറ്റൈസേഷന്റെ 92% യാഥാർഥ്യമായെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. സേവനങ്ങൾക്കു വേണ്ടിവരുന്ന സമയം 75% ലാഭിക്കാം. 12 തലങ്ങളിൽ പൂർത്തിയാക്കേണ്ട നടപടികൾ ഏഴായി ചുരുങ്ങും. വാഹന ലൈസൻസ് നടപടികളടക്കം പൂർണമായും കടലാസ്രഹിതമാകും.

ഈ വർഷം നാലാം പാദത്തിൽ 50 ശതമാനത്തിലേറെ ലക്ഷ്യം നേടാമെന്നാണ് പ്രതീക്ഷ. കാറുകൾ വാടകയ്ക്കു നൽകുന്ന സേവനങ്ങളും ഡിജിറ്റൈസ് ചെയ്തു. ബ്ലോക്ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയതോടെ ഒട്ടേറെ നൂലാമാലകൾ ഒഴിവായി. ഇൻസ്പെക്ടർമാരുടെ സേവനസമയം കുറയ്ക്കാനും കാര്യക്ഷമത കൂട്ടാനും കഴിഞ്ഞു.

ലൈസൻസുമായി ബന്ധപ്പെട്ട കണ്ണ് പരിശോധനയ്ക്കുള്ള മൊബൈൽ സേവനം വിപുലമാക്കും. കൂടുതൽ സ്ഥാപനങ്ങൾക്ക് ഇതിന് അനുമതി നൽകും. ഉപയോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്തു കൃത്യസമയത്ത് മൊബൈൽ യൂണിറ്റ് എത്തും. ഡ്രൈവിങ് ലൈസൻസ് ഉടൻ പുതുക്കി കിട്ടാനും സൗകര്യമൊരുക്കി. പരിശോധനാഫലം ഡൗൺലോഡ് ചെയ്ത് തത്സമയം ലൈസൻസ് പുതുക്കി വാങ്ങാം. പുതിയ ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് ഡൗൺലോഡ് ചെയ്തോ പകർപ്പെടുത്തോ സൂക്ഷിച്ചാൽ മതി.

ഡിജിറ്റൽ ലോകമൊരുക്കി വൻ അവസരങ്ങൾക്കു വാതിൽ തുറക്കുകയാണു യുഎഇ. ആരോഗ്യം, ബഹിരാകാശം, നക്ഷത്രശാസ്ത്ര പഠനം, ടൂറിസം, ബാങ്കിങ്, വാർത്താവിനിമയം എന്നിങ്ങനെ എല്ലാ മേഖലകളിലും ഡിജിറ്റൈസേഷൻ വിപ്ലവകരമായ മുന്നേറ്റത്തിനു വഴിയൊരുക്കും. ഭാവിയിലേക്കുള്ള മുന്നേറ്റം അതിവേഗത്തിലാക്കുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അവസരങ്ങളേറെയാണ്.

നിർമിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഫിൻടെക്, 3 ഡി പ്രിന്റിങ് സാങ്കേതികവിദ്യകൾ കോർത്തിണക്കി അതിവേഗ വാണിജ്യ-വ്യാപാര ശൃംഖല യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്നു. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ ഒരു ലക്ഷം വിദഗ്ധരെ സജ്ജമാക്കി 5 വർഷത്തിനകം 1,000 ഡിജിറ്റൽ കമ്പനികൾക്കു തുടക്കം കുറിക്കാനുള്ള വൻപദ്ധതി പുരോഗമിക്കുകയാണ്. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ബാങ്കിങ് വിവരങ്ങൾക്കടക്കം സംരക്ഷണം നൽകുന്ന സ്മാർട് നടപടികൾക്കും രൂപം നൽകുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.