
സ്വന്തം ലേഖകൻ: നഗരപാതകളിലൂടെ 5 വർഷത്തിനകം 4000 സ്വയം നിയന്ത്രിത റോബോ ടാക്സികൾ ഓടിത്തുടങ്ങുമെന്ന് ആർടിഎ. 2030 ആകുമ്പോഴേക്കും 25%ത്തിലേറെ വാഹനങ്ങൾ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ സാങ്കേതിക വിദ്യയിലേക്ക് മാറും. ന്യൂജൻ വാഹനങ്ങളുടെ വമ്പൻനിര തന്നെ ഒരുങ്ങുകയാണെന്നും അധികൃതർ വ്യക്തമാക്കി.
റോബോ ടാക്സികൾ ഓടിക്കാനുള്ള സുപ്രധാന കരാറിൽ യുഎസ് കമ്പനി ക്രൂസുമായി നേരത്തേ ഒപ്പുവച്ചതായി എക്സ്പോയിൽ നടന്ന ദുബായ് ഇന്റർനാഷനൽ പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിൽ ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. യുഎസിനു പുറത്ത് റോബോ ടാക്സിയോടുന്ന ആദ്യ നഗരമായി ദുബായ് മാറും. ജനറൽ മോട്ടോഴ്സും ഹോണ്ടയുമായി ചേർന്നു പ്രവർത്തിക്കുന്ന കമ്പനിയാണ് ക്രൂസ്.അടുത്തവർഷം പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടണമസ് ടാക്സി ഓടിക്കുന്നത് സജീവ പരിഗണനയിലാണ്. സ്വയം നിയന്ത്രിത വാഹനങ്ങൾ വ്യാപകമാക്കുന്നതിന് മുന്നോടിയായി ഗതാഗത നിയമാവലി പരിഷ്കരിക്കും. കൂടുതൽ ക്രമീകരണങ്ങളും ഏർപ്പെടുത്തും. പരിസ്ഥിതിക്കു വൻ വെല്ലുവിളിയായ കാർബൺ മലിനീകരണം ഇല്ലാതാക്കാമെന്നതാണ് മറ്റൊരു നേട്ടം. ഇ-സ്കൂട്ടറിന്റെ പരിഷ്കൃത രൂപമായ ഇ-വാൻ, ഹൈഡ്രജൻ വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയും വ്യാപകമാക്കും. വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാൻ പ്രധാന മേഖലകളിലെല്ലാം ചാർജിങ് സ്റ്റേഷനുകൾ തുറക്കും. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ വാഹനങ്ങൾ എത്തുന്നതോടെ ഗതാഗത മേഖല പൂർണമായും സ്മാർട്ടാകും.
ഡ്രൈവർമാരുടെ പിഴവുമൂലമുണ്ടാകുന്ന അപകടങ്ങളിൽ 90% ഒഴിവാക്കാൻ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് കഴിയുമെന്നാണ് റിപ്പോർട്ട്. സുഖവും സുരക്ഷിതവുമായ യാത്ര ഇവ ഉറപ്പാക്കുന്നു. ഗതാഗത മേഖല കൂടുതൽ സ്മാർട്ടാകുന്നതോടെ പ്രതിവർഷം 1800 കോടി ദിർഹം ലാഭിക്കാനാകും. മണിക്കൂറിൽ 1200 കി.മീ വേഗത്തിൽ യാത്ര ചെയ്യാനാകുന്ന ഹൈപ്പർ ലൂപ്പും പുരോഗമിക്കുന്നു. അബുദാബി-ദുബായ് 150 കി.മീ പാതയുടെ ആദ്യ ഘട്ടമായ 10 കി.മീ സമീപ ഭാവിയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ദുബായിൽ എവിടെയും 20 മിനിറ്റിനകം എത്തുംവിധമുള്ള മാറ്റങ്ങൾ പുരോഗമിക്കുന്നു. ദുബായ് അർബൻ പ്ലാൻ 2040 പദ്ധതിയുടെ ഭാഗമായി കുറഞ്ഞ സമയം കൊണ്ട് ഏതു മേഖലയിലും സൈക്കിളിലോ നടന്നോ എത്താൻ സൗകര്യമൊരുക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് 15 വർഷത്തിനിടെ 14500 കോടി ദിർഹം ചെലവഴിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല