1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2021

സ്വന്തം ലേഖകൻ: ദുബായിൽ സ്വകാര്യ സ്​കൂളുകളിൽ ഘട്ടംഘട്ടമായി കുട്ടികളുടെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കാൻ ദുരന്തനിവാരണ ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇതനുസരിച്ച്​ ഒക്​ടോബർ മൂന്നോടെ ദുബായിലെ സ്​കൂളുകളിൽ വിദൂരപഠനം അവസാനിക്കുകയും എല്ലാ കുട്ടികളും നേരിട്ട്​ സ്​കൂളിൽ ഹാജരാകൽ നിർബന്ധമാവുകയും ചെയ്യും. ആഗസ്​റ്റ്​ 29 മുതൽ ആരംഭിക്കുന്ന ക്ലാസുകളിൽ കുട്ടികൾക്ക്​ നേരിട്ടും അല്ലാതെയും പ​ങ്കെടുക്കാം.

എന്നാൽ, അഞ്ചാഴ്​ച കഴിഞ്ഞാൽ നേരിട്ടുള്ള ക്ലാസുകൾ മാത്രമായി ഇത്​ മാറും. നിലവിൽ ദുബായിലെ 96 ശതമാനം അധ്യാപകരും വാക്​സിൻ സ്വീകരിച്ചു കഴിഞ്ഞതായും 12 മുതൽ 17 വരെ പ്രായമുള്ള കുട്ടികളിൽ 70 ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചതായും സമിതി വ്യക്​തമാക്കി. ശക്​തമായ ആരോഗ്യ സുരക്ഷ മുൻകരുതൽ സ്വീകരിച്ചു കൊണ്ടാകണം സ്​കൂളുകളിൽ കുട്ടികളെയും ജീവനക്കാരെയും പ്രവേശിപ്പിക്കേണ്ടത്​.

സ്​കൂൾ മാനേജ്​മെൻറുകളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടിയ ശേഷമാണ്​ അധികൃതരുടെ തീരുമാനം. സാധാരണ നിലയിലേക്ക്​ മാറുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ്​ നടപടിയെന്ന്​ ദുരന്തനിവാരണ സമിതി ഉന്നതാധികാര സമിതി ചെയർമാൻ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു. മുൻകരുതൽ നടപടികളും ആരോഗ്യ മാനദണ്ഡങ്ങളും കാര്യക്ഷമമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ദുബായിലെ വിദ്യാഭ്യാസ സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ കമ്മിറ്റി അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ദുബായ് സ്വകാര്യ സ്​കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ നടത്തു​േമ്പാൾ പാലിക്കേണ്ട നിബന്ധനകൾ വ്യക്​തമാക്കുന്ന നിർദേശങ്ങൾ ദുബായ് വിദ്യഭ്യാസ വകുപ്പ് ​(കെ.എച്ച്​.ഡി.എ) പുറത്തിറക്കിയിട്ടുണ്ട്​. ഇതനുസരിച്ച്​ വാക്​സിൻ സ്വീകരിക്കണ​മെന്നോ നി​ശ്​ചിത ഇടവേളകളിൽ പി.സി.ആർ പരിശോധന നടത്തണമെന്നോ പ്രവേശനത്തിന്​ മാനദണ്ഡമല്ല. ഒക്​ടോബർ മൂന്നിനുശേഷം വിദൂരപഠനം നടത്താൻ വിദ്യാർഥി മെഡിക്കൽ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.

വാക്​സിൻ എടുക്കാത്ത സ്​കൂൾ ജീവനക്കാർ എല്ലാ ആഴ്​ചയും പി.സി.ആർ എടുക്കണമെന്നും നിർദേശമുണ്ട്​. കോവിഡ്​ പോസിറ്റിവ്​ കേസുകൾ കണ്ടെത്തിയാൽ വിദ്യാർഥി ഉൾപ്പെടുന്ന ക്ലാസിലോ ഗ്രൂപ്പിലോ ബാച്ചിലോ താൽകാലികമായി വിദൂര വിദ്യഭ്യാസം നടപ്പാക്കും. ആറു വയസ്സിൽ കൂടുതല​ുള്ള എല്ലാവരും സ്​കൂളിൽ മാസ്​ക്​ ധരിക്കണം. സാമൂഹിക അകലം ഒന്നര മീറ്ററിൽനിന്ന്​ ഒരു മീറ്ററായി ചുരുക്കിയിട്ടുണ്ട്​.

യുഎഇയിലെ സ്​കൂളുകളിലും കോളജുകളിലും പ്രവേശിക്കുന്നതിന്​ വിദ്യാർഥികൾ പാലിക്കേണ്ട വാക്​സിനേഷൻ, പി.സി.ആർ പരിശോധന മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. എന്നാൽ, എമിറേറ്റുകൾക്ക്​ സ്വന്തമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അനുമതി നൽകുകയായിരുന്നു. സ്​കൂളിൽ അനുവദനീയമായ കാര്യങ്ങളിൽ പ്രധാനപ്പെട്ടവ താഴെ,

  1. ബസുകൾ ഫുൾ കപ്പാസിറ്റിയിൽ ഓടാം
  2. നീന്തൽ-കായിക പരിശീലനം
  3. സ്​കൂൾ ട്രിപ്പുകൾ, ക്യാമ്പുകൾ, പഠനയാത്രകൾ
  4. എക്​സ്​ട്ര കരിക്കുലർ പ്രവർത്തനങ്ങൾ
  5. അസംബ്ലി, കലാപ്രകടനങ്ങൾ, മറ്റു പരിപാടികൾ
  6. സ്​കൂൾ കാൻറീനുകൾക്കും പ്രവർത്തിക്കാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.