1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2020

സ്വന്തം ലേഖകൻ: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡി.എസ്.എഫ്. വീണ്ടുമെത്തുന്നു. ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെ നടക്കുന്ന ഡി.എസ്.എഫിന്റെ 26-ാം പതിപ്പാണിത്. 3500-ലേറെ ഔട്ട്‌ലെറ്റുകളിൽ 25 മുതൽ 75 ശതമാനം വരെ വിലക്കിഴിവുണ്ടാകും. ഡി.എസ്.എഫിനോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും, ഷോപ്പിങ് മാളുകളിലും ആവശ്യമായ എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കും.

വിവിധ വിനോദപരിപാടികൾ, റീട്ടെയിൽ പ്രൊമോഷനുകൾ, സംഗീതപരിപാടികൾ എന്നിവയോടൊപ്പം തന്നെ മികച്ച ഷോപ്പിങ് അനുഭവവും ഇത്തവണ ഡി.എസ്.എഫിലുണ്ടാകും. ദുബായ് ടൂറിസം വകുപ്പിന് കീഴിൽ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റാണ് സംഘാടകർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്ന എഫ്.ആൻഡ് ബി ഔട്ട്‌ലെറ്റ്, ഹോട്ടൽ, റീട്ടെയിൽ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ദുബായ് മുനിസിപ്പാലിറ്റി, സാമ്പത്തിക വികസന വകുപ്പ്, ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിങ് വകുപ്പ് സംയുക്തമായി ദുബായ് അഷ്വേഡ് സ്റ്റാമ്പ് നൽകി വരുന്നുണ്ട്. പൊതുജനാരോഗ്യസുരക്ഷ മുൻനിർത്തിയാണിത്.

സമാനതകളില്ലാത്ത കുടുംബവിനോദം ഡി.എസ്.എഫ്. എല്ലാവർക്കും വേറിട്ട അനുഭവം നൽകുമെന്ന് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ അഹമ്മദ് അൽ ഖജ പറഞ്ഞു. ഡൗൺടൗണിൽ ഡിസംബർ 17, 18 തീയതികളിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക ആഘോഷത്തോടെയാണ് ഡി.എസ്.എഫിന് ആരംഭം. രാത്രി എട്ട് മുതൽ അർധരാത്രി 12 വരെയായിരിക്കും പരിപാടി.

അൽ ഖവനീജ് ലാസ്റ്റ് എക്സിറ്റ്, അൽ സീഫ് എന്നിവിടങ്ങളിലും ബുർജ് പാർക്ക്, നഖീൽ മാൾ, മാൾ ഓഫ് എമിറേറ്റ്‌സ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, കമ്യൂണിറ്റി മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ജനപ്രിയ വിൽപ്പന നടക്കും. ഇത് സംബന്ധിച്ച് വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. മിക്ക ദിവസങ്ങളിലും കരിമരുന്ന് പ്രയോഗങ്ങളുണ്ടാകും.

തിരഞ്ഞെടുത്ത ഇനോക്ക്, എപ്‌കോ പെട്രോൾ സ്റ്റേഷനുകൾ, സൂം സ്റ്റോറുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നും 200 ദിർഹത്തിന്റെ റാഫിൾ ടിക്കറ്റുകൾ വാങ്ങാനും അവസരമുണ്ട്. ഓരോ ദിവസവും നറുക്കെടുപ്പുണ്ടാകും. ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ജനുവരി 30 വരെ ഗ്രാൻഡ് റാഫിൾ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.mydsf.ae

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.