1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2020

സ്വന്തം ലേഖകൻ: ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ(ഡിഎസ്എഫ്) 17 മുതൽ ജനുവരി 30 വരെ നടക്കും. 25 കിലോ സ്വർണവും ആഡംബര കാറുകളുടെ വൻ നിരയും വിവിധ ദിവസങ്ങളിലെ നറുക്കെടുപ്പിൽ ജേതാക്കൾക്ക് ലഭിക്കും. 3500 കടകളിൽ 25 മുതൽ 75% വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ) നടത്തുന്ന ഷോപ്പിങ് ഫെസ്റ്റിവൽ നഗരത്തിന് ഉല്ലാസ രാപകലുകൾ സമ്മാനിക്കും. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി കൊവിഡ് വിമുക്തമെന്ന ദുബായ് അഷ്വേഡ് മുദ്ര നൽകിയാണ് ഇത്തവണത്തെ ഡിഎസ്എഫ്. സമാനതകളില്ലാത്ത ഷോപ്പിങ് ഉത്സവം ഇത്തവണയും നടത്താൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് ഡിഎഫ്ആർഇ സിഇഒ അഹമ്മദ് അൽ ഖാജാ വ്യക്തമാക്കി.

ഉദ്ഘാടനത്തോടനുബന്ധിച്ച് 17ന് രാത്രി 8.30ന് ദുബായ് ഡൗൺടൗൺ ബുർജ് പാർക്കിലെ ദ് ബോക്സിൽ അറബ് സംഗീതജ്ഞർ ഹുസൈൻ അൽ ജാസ്സ്മിയും താമർ ഹോസ്നിയും സംഗീതപരിപാടി നടത്തും. 50 ദിർഹം മുതലാണ് ടിക്കറ്റ് വില. തത്സമയം എംബിസി1 ലും വനസഹയിലും കാണാം.

ഇൻഫിനിറ്റി മെഗാ റാഫിളിൽ 200 ദിർഹം ടിക്കറ്റുകളുടെ നറുക്കെടുപ്പ് ദിവസവും നടക്കും. 45 ഇൻഫിനിറ്റി ക്യുഎക്സ്60 കാറുകളാണ് വിജയികൾക്ക് നൽകുക. രണ്ടുലക്ഷം ദിർഹവും പ്രതിദിനം സമ്മാനമുണ്ട്. ഇതിനു പുറമേ സമാപന ദിവസത്തിലെ വിജയിക്ക് കാറും അഞ്ചുലക്ഷം ദിർഹവുമാണ് സമ്മാനം.

25 ദിർഹം ടിക്കറ്റുകളുടെ പ്രതിദിന നറുക്കെടുപ്പിലൂടെ 45 നിസാൻ കാറുകളാണ് ഭാഗ്യശാലികൾക്ക് ലഭിക്കുക. ആഴ്ചയിലൊരിക്കൽ പുതിയ മോഡൽ കാറുകളും പതിനായിരം ദിർഹവും സമ്മാനം നൽകും. ദുബായ് ഷോപ്പിങ് മാളിൽ 200 ദിർഹത്തിന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പണുകളുടെ നറുക്കെടുപ്പിലൂടെ ആഴ്ചയിലൊരിക്കൽ ഒരുലക്ഷം ദിർഹം വീതം സമ്മാനവും ലഭിക്കും.

ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ പട്ടികയിലുള്ള 180 ജ്വല്ലറികളിൽ നിന്ന് 500 ദിർഹത്തിന്റെ ആഭരണം വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പണുകളുടെ നറുക്കെടുപ്പിലെ വിജയികൾക്ക് ആകെ 25 കിലോ സ്വർണമാണ് സമ്മാനമായി ലഭിക്കുക. നാലുപേർക്ക് ഒരോ കിലോ സ്വർണവും 12 പേർക്ക് മൂന്നു കിലോ സ്വർണവും ലഭിക്കും. അവസാന ദിവസത്തെ മെഗാ സമ്മാനത്തിനു പുറമേയാണിത്.

ലാമെർ, സിറ്റി വാക്ക്, അൽ സീഫ്, സിറ്റി സെന്റർ മിർദിഫ്, ഇബൻ ബത്തൂത്ത മാൾ എന്നിവിടങ്ങളിലെല്ലാം സംഗീതകാരന്മാരുടെയും ചിത്രകാരന്മാരുടെയും ലൈവ് പ്രദർശനങ്ങളും പരിപാടികളും ആരംഭിച്ചു. ദുബായ് ഓപ്പറയിൽ 19ന് ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടുവരെ സിമോൺ ആൻഡ് ഗാർഫുങ്കൽ എന്നിവരുടെ ലൈവ് പരിപാടി കാണാം.

അൽ ഖവനീജിലെ ലാസ്റ്റ് എക്സിറ്റ്, അൽ സീഫ്, ബുർജ് പാർക്ക്, നഖീൽ മാൾ, മാൾ ഓഫ് എമിറേറ്റ്സ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ നടക്കും. ഇവിടങ്ങളിൽ ഭക്ഷണത്തിനു ഉൾപ്പെടെ ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നഖീൽ മാളിൽ ഇന്നുമുതൽ ജനുവരി 3 വരെ പ്രത്യേക ഓഫറുകളുണ്ട്. സിറ്റിമാളിൽ 29 വരെ ദിവസവും വൈകിട്ട് നാലിന് പ്രത്യേക പരിപാടികളും ഇളവുകളും നൽകും. മാൾ ഓഫ് എമിറേറ്റ്സിൽ വിന്റർ വുഡ് ലാൻഡ് പരിപാടി 24 വരെ നടക്കും.

80% വരെ ഡിസ്കൌണ്ടുകളുമായി അബുദാബി ഷോപ്പിംഗ് സീസണ് തുടക്കം

0% വരെ നിരക്കിളവ് വാഗ്ദാനം ചെയ്യുന്ന അബുദാബി ഷോപ്പിങ് സീസണിന് ഇന്നലെ തുടക്കം കുറിച്ചു. എമിറേറ്റിലെ 20 മാളുകളിലെ 3500 ഷോപ്പുകൾ വിൽപന മേളയിൽ പങ്കെടുക്കുന്നുണ്ടെന്ന് അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി) അറിയിച്ചു. ഫെബ്രുവരി 14 വരെ നീളുന്ന വ്യാപാരമേളയിൽ അബുദാബി, അൽഐൻ, അൽദഫ്റ എന്നിവിടങ്ങളിലെ മാളുകളും പങ്കെടുക്കുന്നുണ്ട്. മുന്തിയ ഇനം ഉൽപന്നങ്ങൾ 80% വിലക്കുറവിൽ വാങ്ങാമെന്നതാണ് ആകർഷണം. കഴിഞ്ഞ വർഷം വിൽപനയിൽ 31% വർധനയുണ്ടായതായി ഡിസിടി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.