
സ്വന്തം ലേഖകൻ: കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളുമായി ലോകത്തെ വരവേൽക്കാൻ ദുബായ് ഒരുങ്ങി. എക്സ്പോയ്ക്ക് പിന്നാലെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) നാളെ കൊടിയേറുന്നതോടെ ആഘോഷം ഇരട്ടിയാകും. അടുത്ത മാസം 30 വരെയുള്ള മേളയിൽ ഭാഗ്യശാലികൾക്ക് ആഡംബര വാഹനങ്ങളും കൈനിറയെ സ്വർണാഭരണങ്ങളും മറ്റും സ്വന്തമാക്കാം.
എക്സ്പോയും ഡിഎസ്എഫും ഒരുമിക്കുന്നതിനാൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് ഇരട്ട സൗഭാഗ്യങ്ങൾ. ദുബായ് കരുതിവച്ചിരിക്കുന്ന വിസ്മയച്ചെപ്പുകൾ ഓരോന്നായി 27 മുതൽ തുറക്കുന്നതോടെ കണ്ണഞ്ചിപ്പിക്കുന്ന അദ്ഭുതങ്ങൾ പ്രതീക്ഷിക്കാം. പ്രധാന വേദികൾ, ബീച്ചുകൾ, പാർക്കുകൾ, മറ്റ് ഉല്ലാസ മേഖലകൾ, മാളുകൾ എന്നിവിടങ്ങളെല്ലാം ആഘോഷ അരങ്ങുകളാകും. രുചിയരങ്ങളുടെ വമ്പൻ മേളകളും ഉണ്ടാകും. രാജ്യാന്തര കലാകാരന്മാരുടെ സംഗീത-നൃത്ത പരിപാടികൾ, കരിമരുന്നു പ്രയോഗങ്ങൾ, ഡ്രോൺ ലൈറ്റ് ഷോ, കാർണിവൽ എന്നിവയും ആസ്വദിക്കാം.
എക്സ്പോയിൽ ദിവസവും ഘോഷയാത്ര കാണാം. അൽ വാസൽ പ്ലാസയിൽ പ്രമുഖ കലാകാരന്മാർ സംഘടിപ്പിക്കുന്ന സംഗീതം, നൃത്തം, നാടകം തുടങ്ങിയവയും അരങ്ങേറും. സന്ദർശകർക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഒരുക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ: അഹമ്മദ് അൽ ഖാജ പറഞ്ഞു.
പ്രമുഖ മാളുകളിലും കടകളിലും വൻ വിലക്കുറവിൽ ഷോപ്പിങ് നടത്താം. തുണിത്തരങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ ഈമാസം 27 മുതൽ നിസ്സാര വിലയ്ക്കു വാങ്ങാനും അവസരമുണ്ടാകും. വിശദാംശങ്ങൾ 24 മണിക്കൂർ മുൻപേ പ്രഖ്യാപിക്കൂ. ഗ്ലോബൽ വില്ലേജിലും ബുർജ് പാർക്ക്, അൽ സീഫ്, അൽ റിഗ്ഗ, ഖവനീജ് ഉൾപ്പെടെയുള്ള ഡിഎസ്എഫ് മാർക്കറ്റുകളിലും കുറഞ്ഞനിരക്കിൽ വസ്ത്രങ്ങളും മറ്റും വാങ്ങാം.
ഡിഎസ്എഫ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ ലഭിക്കുന്ന മേളയാണിത്. നിസാൻ ഗ്രാൻഡ് നറുക്കെടുപ്പിൽ ഭാഗ്യശാലികൾക്ക് നിസാൻ ക്രിക്സ്, നിസാൻ പട്രോൾ, എക്സ് ടെറ, എക്സ് ട്രെയിൽ എന്നിവ ആദ്യ ദിവസം തന്നെ സ്വന്തമാക്കാം. തത്സമയ നറുക്കെടുപ്പിലൂടെ 2 ലക്ഷം സമ്മാനങ്ങൾ വിതരണം ചെയ്യും.
ഇൻഫിനിറ്റി മെഗാ നറുക്കെടുപ്പിൽ ഇൻഫിനിറ്റി ക്യുഎക്സ്80 ആഡംബര വാഹനം സ്വന്തമാക്കാം. ദിവസവും ഒരു ലക്ഷം ദിർഹം സമ്മാനമായി നേടാനും അവസരമുണ്ട്. ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ്നറുക്കെടുപ്പിൽ സ്വർണനാണയങ്ങളടക്കം കാത്തിരിക്കുന്നു. 500 ദിർഹത്തിന്റെ ആഭരണം വാങ്ങിയാൽ ഭാഗ്യശാലികൾക്ക് കാൽക്കിലോ സ്വർണം ലഭിക്കും.
ദുബായ് ഷോപ്പിങ് മാൾസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നറുക്കെടുപ്പിൽ ഓരോ ആഴ്ചയും 10 ലക്ഷം ദിർഹം ലഭിക്കും. ദുബായ് ഡ്യൂട്ടി ഫ്രീയിൽ 500 ദിർഹം ചെലവഴിച്ചാൽ നറുക്കെടുപ്പിൽ പങ്കാളിയാകാം. വിജയിച്ചാൽ നാട്ടിലേക്കുള്ള വിമാനടിക്കറ്റ്, ഹോട്ടൽ താമസ സൗകര്യം, 50,000 ദിർഹം വരെയുള്ള വൗച്ചറുകൾ എന്നിവയാണ് സമ്മാനങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല