
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ രംഗത്തുള്ള സ്വദേശികളെയും വിദേശികളെയും ദുബായിൽ ആദരിക്കുന്നു. ‘അറിയപ്പെടാത്ത ധീരൻ’ മാരുടെ പട്ടിക തയാറാക്കിയാണ് അധികൃതർ സേവനങ്ങൾക്ക് അർഹമായ അംഗീകാരം നൽകുന്നത്. നിശ്ശബ്ദമായും നിസ്വാർഥതയോടെയും മഹാമാരിയെ തുരത്താൻ സ്വയം മറന്ന് സേവന നിരതരായവരെ കണ്ടെത്തി ആദരിക്കാനാണ് മെഡിക്കൽ സേവന രംഗത്തുള്ള അധികൃതരുടെ തീരുമാനം.
ആരോഗ്യമേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ, ഓഫീസ് ജീവനക്കാർ, ആശുപത്രിയിലെയും ക്ലിനിക്കുകളിലെയും ഉദ്യേഗസ്ഥർ തുടങ്ങി പ്രതിരോധ രംഗത്ത് മുന്നണിപ്പോരാളികളായി നിന്ന 500 പേരുടെ പട്ടിക ഇതിനകം തയാറാക്കിയിട്ടുണ്ട്. ആംബുലൻസ് ജീവനക്കാരും ഡ്രൈവർമാരും പാറാവുകാരും ശുചീകരണ തൊഴിലാളികളും വരെ ഉൾപ്പെടുന്നതാണിത്. പകർച്ചവ്യാധിയെ തടുക്കാനും രോഗികളെ നിരന്തരം പരിചരിക്കാനും കർമനിരതരായവരാണിവരെന്ന് സംഘാടക സമിതി വിലയിരുത്തി.
ഇവരിൽ നിന്നും ഇരുപത് പേരെ അടുത്ത ബുധനാഴ്ച ദുബായിൽ ആദരിക്കുമെന്ന് സംഘാടക സമിതി പ്രതിനിധി ഡോ. അയ്ഹം റഫ് അത്ത് അറിയിച്ചു. എമിറേറ്റിലെ ആരോഗ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. രോഗം തീവ്രമായ സമയത്ത് രോഗികളെ കൈമെയ് മറന്ന് ചികിത്സിച്ച ഡോക്ടർമാരുടെ സംഘവും അണുവിമുക്തമാക്കാൻ തെരുവുകളിൽ തൊഴിലെടുത്തവരുടെയും സേവനം അവിസ്മരണീയമാണ്.
തദ്ദേശിയരായ വനിതാ ഡോക്ടർമാരടക്കം രോഗത്തിന്റെ വക്കിൽ നിന്നാണ് കോവിഡ് രോഗികളെ സ്വീകരിച്ചത്. കുടുംബത്തിലേക്ക് രോഗം പകരുമെന്ന ഭയം വെടിഞ്ഞാണവർ മാഹാമാരിയുടെ മധ്യത്തിൽ നിലയുറപ്പിച്ചതെന്നും സമിതി ചൂണ്ടിക്കാട്ടി. ഇവർക്ക് 30000 ഡോളർ പാരിതോഷികമാണ് സംഘാടനത്തിനു നേതൃത്വം വഹിക്കുന്ന അക്യൂംഡ് കമ്പനി നൽകുക. ജീവൻ രക്ഷിക്കുന്നതിൽ ഉത്സാഹത്തോടെ നിന്ന വിവിധ തസ്തികകളിലും ആരോഗ്യ സ്ഥാപനങ്ങളിൽ ഉള്ളവരെയുമാണ് ആദരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല