1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2021

സ്വന്തം ലേഖകൻ: വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് പ്രതിരോധ വാക്സീൻ സ്വീകരിച്ചവർക്കു ദുബായ് ഹെൽത്ത് അതോറിറ്റി രണ്ടാമത്തെ ഡോസ് നൽകും. രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ തിരിച്ചു പോകില്ലെന്ന് ഉറപ്പ് നൽകണം. ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച സ്ഥലത്തു നിന്നു രണ്ടാമത്തെ ഡോസ് വാക്സീനും സ്വീകരിക്കുന്നതാണ് ഉചിതം എന്നാണ് ഹെൽത്ത് അതോറിറ്റി അധികൃതർ നൽകുന്ന ഉപദേശം.

എന്നാൽ രണ്ടാമത്തെ ഡോസ് നിർബന്ധമെങ്കിൽ ദുബായിൽ വ്യവസ്ഥകളോടെ നൽകും. രണ്ടാം ഡോസ് സ്വീകരിക്കാൻ നാട്ടിലേയ്ക്ക് തിരിച്ചു പോകാൻ സാധിക്കാത്തവരെയാണു രണ്ടാം ഡോസ് നൽകി സഹായിക്കുക. ഏതു വാക്സീൻ സ്വീകരിക്കുമെന്നത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. എല്ലാതരം വാക്സീനുകളും മികച്ച നിലവാരത്തിൽ യുഎഇയിൽ ലഭ്യമാണെന്നും അധികൃതർ വെളിപ്പെടുത്തി.

വാക്സീൻ സ്വീകരിക്കുന്നതും പിസിആർ(PCR) ടെസ്റ്റും തമ്മിൽ യാതൊരു ബന്ധവുമില്ല. വാക്സീൻ സ്വീകരിച്ചവർക്കും കോവിഡ് നിർണയ പരിശോധന നിർബന്ധമാണ്. പ്രതിരോധ മരുന്ന് സ്വീകരിച്ച ശേഷമുള്ള പിസിആർ പരിശോധന ഫലപ്രദമല്ലെന്ന ചിലരുടെ ഭയം അസ്ഥാനത്താണെന്നും അധികൃതർ സൂചിപ്പിച്ചു.

ആദ്യത്തേതും രണ്ടാമത്തേതുമായ വാക്സീൻ സ്വീകരിച്ചവർ രക്തം ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് ഒരാഴ്ച കഴിഞ്ഞ ശേഷമായിരിക്കണം. ഗുരുതരമായ രോഗവുമായി ചികിത്സയിലുളളവർക്ക് ആശുപത്രിയിൽ വച്ചു തന്നെ പ്രതിരോധ മരുന്നു നൽകേണ്ടതില്ല. രോഗം ഭേദമായി നാലു മുതൽ എട്ടാഴ്‌ച വരെ വിശ്രമമെടുത്ത ശേഷം വാക്സീൻ സ്വീകരിച്ചാൽ മതിയാകും.

കൂടുതൽ മരുന്നുകൾ ഉപയോഗിക്കുന്നവർ എല്ലാ ഔഷധ വിവരങ്ങളും ഡോക്ടർക്ക് കൈമാറിയ ശേഷമായിരിക്കണം വാക്സീൻ എടുക്കേണ്ടത്. ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചവർക്കു കോവിഡ് ബാധിച്ചാൽ 10 ദിവസം ക്വാറന്റീനിൽ പോകണം. ഇതിനു ശേഷം കാര്യമായ രോഗലക്ഷണങ്ങളും പ്രയാസങ്ങളും അലട്ടുന്നില്ലെങ്കിൽ 800 342 നമ്പറിൽ വിളിച്ചു രണ്ടാം ഘട്ട വാക്സീൻ എടുക്കാനുള്ള തിയതി പുതുക്കാം.

എന്നാൽ രോഗം സുഖപ്പെട്ടിട്ടില്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സ തേടേണ്ടതാണെന്നും അധികൃതർ നിർദേശിച്ചു. രണ്ടു ഘട്ട പ്രതിരോധ വാക്സീൻ സ്വീകരിച്ചവരും പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുകയും കൈകൾ ശുചീകരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇതിൽ മാറ്റം വരുത്തുന്നത് ഔദ്യോഗിക ആരോഗ്യ കേന്ദ്രങ്ങളുടെ അറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.