
സ്വന്തം ലേഖകൻ: ജൂണിൽ ദുബായിലെ അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയിൽ വച്ച് മോഷണ ശ്രമത്തിനിടെ ഇന്ത്യൻ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. കൃത്യമായ പ്ലാനിങ്ങോടെയാണ് പ്രതിയായ പാക്ക് സ്വദേശി ഇവിടെ എത്തിയതെന്നും ഇയാൾ മോഷണത്തിനായി മണിക്കൂറുകൾ കാത്തിരുന്നുവെന്നും പുതിയ വെളിപ്പെടുത്തൽ.
24 വയസ്സുള്ള പ്രതി ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശികളായ ഹിരൺ ആദിയ, വിധി ആദിയ എന്നീ ദമ്പതികളെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഹിരണിനെ 10 തവണയും, വിധിയെ 14 തവണയും പ്രതി കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ക്രൂരമായ കൊലയ്ക്ക് ശേഷം ഇവരുടെ മകളെയും ആക്രമിച്ചെങ്കിലും പെൺകുട്ടി രക്ഷപ്പെട്ടിരുന്നു.
നാൽപ്പത്തിയെട്ട് വയസ്സുള്ള ഹിരണും 40 വയസ്സുള്ള ഭാര്യ വിധിയും 18, 13 വയസ്സുള്ള രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം വളരെ സന്തോഷത്തോടെയാണ് ദുബായിൽ ജീവിച്ചിരുന്നത്. ധനികരായ ഈ കുടുംബവുമായി പ്രതി നേരത്തെ തന്നെ ബന്ധം സ്ഥാപിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വീട്ടിലെ ചില അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്ന പ്രതി ഈ ബന്ധം ഉപയോഗിച്ച് വീട്ടുകാരുടെ രീതികളും മറ്റും കൃത്യമായി പഠിച്ചു. വീട്ടിൽ എവിടെയാണ് പണം സൂക്ഷിക്കുന്നതെന്നും ഏത് സമയത്ത് വന്നാലാണ് ഇത് കൈക്കലാക്കാൻ സാധിക്കുകയെന്നും മനസിലാക്കിയിരുന്നുവെന്നാണ് സൂചന.
മോഷണത്തിനിടെ ഏതെങ്കിലും രീതിയിലുള്ള എതിർപ്പ് ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യാനുള്ള മുൻകരുതലുമായാണ് പ്രതി കൃത്യത്തിന് എത്തിയത്. ഇതിനായി യുവാവ് ഷാർജയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും ഒരു കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. തുടർന്ന് ദുബായിലേക്ക് പോകുന്നതിന് 70 ദിർഹം നൽകി പാക്ക് സ്വദേശിയുടെ കാറിൽ വരികയും ചെയ്തു.
വൈകിട്ട് ഏഴു മുതൽ 11 വരെ വില്ലയുടെ ചുറ്റുപാടും സമയം ചെലവിട്ട പ്രതി, അകത്ത് കടക്കാനുള്ള സമയത്തിനായി കാത്തിരിക്കുകയായിരുന്നു. തുടർന്ന് മതിലിന് മുകളിലൂടെ ചാടി വില്ലയുടെ പൂന്തോട്ടത്തിനുള്ളിൽ ഒളിച്ചു. കുടുംബം ഉറങ്ങുന്നതിന് വേണ്ടി വീണ്ടും രണ്ടുമണിക്കൂർ കാത്തിരുന്നു. വീട്ടിലുള്ളവർ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ബാല്‍ക്കണിയിലൂടെ വീട്ടിൽ പ്രവേശിച്ചു.
അതിക്രൂരമായ കൊലപാതകമാണ് ഉണ്ടായത് എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഹിരണിനെ 10 തവണയും, വിധിയെ 14 തവണയും പ്രതി കത്തി ഉപയോഗിച്ച് കുത്തിയിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവിളി കേട്ടെത്തിയ 18 വയസ്സുള്ള മകളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മാതാപിതാക്കളെ കണ്ടത്.
അലാറാം മുഴക്കാനും പൊലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോള്‍ പ്രതി കുട്ടിയെ ആക്രമിക്കുകയും ഇവരുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം വില്ലയിൽ നിന്നും പുറത്തേക്ക് ഓടിയ പ്രതി ദുബായ്–അൽഐൻ റോഡിൽ എത്തി. ഇയാളെ ഇങ്ങോട്ട് കൊണ്ടുവന്ന ഡ്രൈവറെ വിളിക്കുകയും ഷാർജയിലേക്ക് രക്ഷപ്പെടുകയുമായിരുന്നു.
തുടർന്നുള്ള പൊലീസ് പരിശോധനയിൽ വില്ലയുടെ സമീപത്ത് നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. വില്ലയില്‍നിന്നും മോഷ്ടിച്ച ആഭരണങ്ങളും പിന്നീട് കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധരുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. ഷാർജയിലേക്ക് കടന്ന ഇയാളെ അവിടെ വച്ച് പിടികൂടുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ തന്നെ ദുബായ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല