
സ്വന്തം ലേഖകൻ: ദുബായിൽ വീസാസേവനങ്ങൾക്ക് അറുപതിലധികം അമർകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ദുബായ് താമസകുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) അറിയിച്ചു. ടൈപ്പിങ് സെന്ററുകൾക്ക് പകരം സുഗമവും സുതാര്യവുമായ വീസ സേവനങ്ങൾക്കായാണ് ജി.ഡി. ആർ.എഫ്.എ. അമർകേന്ദ്രങ്ങൾ തുറന്നത്.
വീസസംബന്ധിച്ച എല്ലാനടപടിക്രമങ്ങളും പൂർത്തിയാക്കാനും എല്ലാസേവനങ്ങളും ലഭ്യമാക്കാനും ഈ സെന്ററുകൾ സഹായമാകുമെന്ന് വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. എല്ലാ വീസസേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുമെന്നതാണ് അമർ സെന്ററുകളുടെ പ്രത്യേകത.
എൻട്രി പെർമിറ്റ്, വീസിറ്റ് വീസ, താമസവീസ, വീസ റദ്ദാക്കൽ തുടങ്ങിയവയാണ് പ്രധാനസേവനങ്ങൾ. മിക്ക സെന്ററുകളിലും വീസ സേവനങ്ങൾക്ക് പുറമെ മറ്റു സർക്കാർ വകുപ്പുകളുടെ സേവനങ്ങളും ലഭിക്കും. എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സേവനവും ലഭിക്കും. വിവരങ്ങൾക്ക് 8005111 എന്ന നമ്പറിൽ അധികൃതരുമായി ബന്ധപ്പെടാം.
വീസാ നടപടികൾക്കുള്ള അമർ കേന്ദ്രങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാണ്. ആവശ്യമായസേവനങ്ങൾ തിരഞ്ഞെടുക്കാനും രേഖകൾ ഡൌൺലോഡ് ചെയ്യാനും കുറഞ്ഞസമയത്തിനുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാൻ അടുത്തുള്ള അമർകേന്ദ്രത്തിലെ ടോക്കൺ നേടുവാനും ഈ അപ്ലിക്കേഷനിലൂടെ കഴിയും. ‘amer app’ എന്ന് ടൈപ്പ് ചെയ്താൽ പ്ലേ സ്റ്റോറിൽനിന്ന് ആപ്പ് സ്റ്റോറിൽ ഇത് ഇൻസ്റ്റാൾ ചെയ്യാമെന്ന് അമർ കസ്റ്റമർ ഹാപ്പിനസ് ഡിപ്പാർട്ട്‌മെന്റ് മേധാവി മേജർ സാലിം ബിൻ അലി അറിയിച്ചു.
ഉപയോക്താകളുടെ അമർ കേന്ദ്രങ്ങളിലെ കാത്തിരിപ്പും പരിശ്രമവും കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇതിലൂടെ ഉപഭോക്താവിന് ഒരു ടോക്കൺ നേടാനും അടുത്തുള്ള അമർ സെന്ററിലാക്കും നയിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഉപയോക്താകൾക്ക് ആപ്ലിക്കേഷനിൽ പ്രവേശിച്ച് ആവശ്യമായ സേവനങ്ങളും ഇതിലൂടെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇവർക്ക് പ്രമാണങ്ങളുടെ കോപ്പി ആപ്ലിക്കേഷൻ വഴി സേവനകേന്ദ്രങ്ങളിലേക്ക് അയയ്ക്കാനും കഴിയും.
തുടർന്ന് അടുത്തുള്ള കേന്ദ്രങ്ങളിലേക്ക് വരാനുള്ള സമയവും ലഭ്യമാവും. അതിനാൽ തന്നെ കസ്റ്റമറിന് കൂടുതൽ കാത്തിരിക്കാതെ ഇടപാടുകൾ പൂർത്തിയാക്കി വേഗം മടങ്ങാനും സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല