
സ്വന്തം ലേഖകൻ: യു.എ.ഇ. ധന വ്യവസായമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനപ്രവാഹം. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ അനുശോചനം അറിയിച്ചു.
കെയ്‌റോ ആസ്ഥാനമായുള്ള അൽ അസ്ഹറിന്റെ ഗ്രാൻഡ് ഇമാം, ശൈഖ് അഹമ്മദ് അൽ തയ്യേബ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ മത ഉപദേഷ്ടാവ് ഒസാമ അൽ അസാരി ഉൾപ്പെടെ അനുശോചനം രേഖപ്പെടുത്തി. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അഗാധദുഃഖം രേഖപ്പെടുത്തി.
ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭൗതികശരീരം ഖബറടക്കി. ബുധനാഴ്ച വൈകീട്ട് ദുബായ് സാബീൽ പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിനുശേഷം ഉമ്മു ഹുറൈർ ഖബർസ്ഥാനിലായിരുന്നു അടക്കം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുടുംബത്തിലെ മറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ബുധനാഴ്ച രാത്രി യു.എ.ഇ.യിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാർഥന നടന്നു. കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ടായിരുന്നു പള്ളികളിൽ പ്രാർഥന നടത്തിയത്.
മക്തൂം കുടുംബത്തിലെ രണ്ടാമനായ ഷെയ്ഖ് ഹംദാൻ എന്നും താങ്ങായി നിന്ന സാഹോദര്യത്തിൻ്റെ കരുത്തായിരുന്നെന്ന് സഹോദരനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് അനുസ്മരിച്ചു. ഭരണാധികാരികളായ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹോഷ്മളത കുട്ടിക്കാലം മുതൽ മരണം വരെ നിലനിന്നു. കൗമാരകാലത്ത് ദുബായിയെ കുലുക്കിയ കൊടുങ്കാറ്റിൽ ജീവിതം ഉലയാതിരിക്കാൻ സഹോദരൻ ഹംദാൻ കൂടെ നിന്നതും ഷെയ്ഖ് മുഹമ്മദ് അനുസ്മരിക്കുന്നു.
ഷെയ്ഖ് ഹംദാൻ രോഗശയ്യയിലായപ്പോഴും ഒടുവിൽ വിയോഗ വാർത്ത എത്തിയപ്പോഴും ഷെയ്ഖ് മുഹമ്മദ് പ്രാർഥനാ നിമഗ്നനായി കുറിച്ച വരികളിൽ സഹോദരനോടുള്ള അലിവും ആദരവും തുടിച്ചു നിന്നു. ഷെയ്ഖ് ഹംദാനെ അനുസ്മരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിലാപകാവ്യത്തിലും സഹോദരൻ ബാക്കിവച്ച നന്മയും മരണം ജീവിതത്തിലുണ്ടാക്കിയ നികത്താനാകാത്ത നഷ്ടവും പ്രതിഫലിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല