1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2023

സ്വന്തം ലേഖകൻ: അയർലൻഡിലെ ഡബ്ലിനിൽ മൂന്ന് കുഞ്ഞുങ്ങളും ഒരു പുരുഷനും സ്ത്രീയും ആക്രമിക്കപ്പെട്ട സംഭവത്തിലെ മാതൃകപരമായ പ്രവൃത്തി കൊണ്ട് പ്രശംസ നേടുകയാണ് മലയാളി വനിത. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അയർലൻഡിലെ ഡബ്ലിനിൽ മൂന്ന് കുഞ്ഞുങ്ങളും ഒരു പുരുഷനും സ്ത്രീയും ആക്രമിക്കപ്പെട്ടത്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തിൽ ആദ്യ മിനുട്ടുകളിൽ അവിടെ എത്തിച്ചേർന്നു സഹായം നൽകിയാണ് പെരുമ്പാവൂർ സ്വദേശിനിയായ സീന മാത്യു ശ്രദ്ധ നേടിയത്.

സംഭവം നടന്ന പാർണൽ സ്ട്രീറ്റിൽ തന്നെ പ്രവർത്തിക്കുന്ന റോട്ടുണ്ട മെറ്റേണിറ്റി ഹോസ്പിറ്റലിലെ നിയോനെറ്റൽ വിഭാഗത്തിൽ നഴ്സ് മാനേജറാണ് സീന.അയർലണ്ടിലെ നാഷനൽ നിയോനെയ്റ്റൽ ട്രാൻസ്പോർട്ട് പ്രോഗ്രാമിൽ പരിശീലനം ലഭിച്ച സീന, സംഭവ ദിവസം ഡബ്ലിനിലെ ടെമ്പിൾ സ്ട്രീറ്റിൽ നിന്ന് രോഗിയായ കുഞ്ഞിനെ സ്വീകരിക്കുന്നതിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ആംബുലൻസ് ഡെസ്കിൽ നിന്ന് ആക്രമണ വിവരം അറിയുന്നത്.

തുടർന്ന് അതിവേഗം രണ്ടു കൺസൽട്ടന്‍റുമാരായി അവിടേക്ക് കുതിച്ചെത്തി ജീവൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. വേദനാജനകമായ ആ കാഴ്ച്ചയിലും മനോധീരത കയ്യ്​വിടാതെ പ്രവർത്തിച്ച സീനയെ ആശുപത്രി അധികൃതർ എല്ലാ പിന്തുണയും നൽകി അഭിനന്ദിച്ചു.

കഴിഞ്ഞ പതിനാറു വർഷമായി അയർലൻഡിലുള്ള സീന ഡബ്ലിനിലെ കിൻസീലിയിലാണ് കുടുംബമായി താമസം. ഭർത്താവ് ബൈജു ഏബ്രഹാം സെന്‍റ് വിൻസന്‍റ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാരനാണ്. മക്കൾ മൂന്ന് പേരാണ് അന്ന, റിബേക്ക ,ഡേവിഡ്. ബൈജു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.