1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2022

സ്വന്തം ലേഖകൻ: ദുൽഖർ സൽമാനു നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അൾട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ആദ്യ ബൈക്ക് എഫ് 77 വിപണിയിൽ. ഒർജിനൽ, റെക്കോൺ എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന ബൈക്കിന്റെ വില യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ്. ഇതു കൂടാതെ എഫ് 77 ന്റെ പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കി. 77 എണ്ണം മാത്രം നിർമിക്കുന്ന പ്രത്യേക പതിപ്പിന്റെ വില 5.5 ലക്ഷം രൂപയാണ്. ബൈക്കിന്റെ ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. ജനിുവരി ആദ്യം ബൈക്ക് ഉപഭോക്താക്കൾക്കു ലഭിച്ചുതുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

എയർസ്ട്രൈക്, ഷാഡോ, ലേസർ തുടങ്ങിയ നിറങ്ങളിലാണ് വാഹനം ലഭിക്കുക. ലേസർ എൽഇഡി ലാംപ്, ക്ലിപ് ഓൺ ഹാൻഡിൽബാർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ ബൈക്കിനുണ്ട്. ഒർജിനലിൽ 7.1 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ 207 കിലോമീറ്ററാണ് റേഞ്ച്. 27 കിലോ വാട്ട് കരുത്തും 85 എൻഎം ടോർക്കും നൽകുന്ന മോട്ടറാണ് ഇതിൽ.

ഉയർന്ന മോഡലായ റെക്കോണിൽ 39 ബിഎച്ച്പി കരുത്തും 95 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടറാണ്. 10.3 kWh ആണ് ബാറ്ററി. ഒറ്റ ചാർജിൽ 307 കിലോമീറ്ററാണ് റേഞ്ച്. ഒർജിനൽ പതിപ്പിന്റെ ബാറ്ററി പാക്കിന് 3 വർഷവും 30000 കിലോമീറ്ററും വാറന്റി ലഭിക്കുമ്പോൾ റെക്കോണിന്റെ ബാറ്ററി പാക്കിന് 5 വർഷവും 50000 കിലോമീറ്ററും വാറന്റിയുണ്ട്. ലിമിറ്റഡ് എഡിഷൻ മോഡലിന്റെ വാറന്റി 8 വർഷവും ഒരു ലക്ഷം കിലോമീറ്ററുമാണ്.

പല ഘട്ടങ്ങളിലായി വിൽപന വിപുലീകരിക്കാനുള്ള പദ്ധതികളും കമ്പനി തയാറാക്കിയിട്ടുണ്ട്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഭാരക്കുറവുള്ള ഫ്രെയ്മാണ് വാഹനത്തിന്റെ അടിസ്ഥാനം. ഇത് മികച്ച ഹാൻഡ്‌ലിങ്ങിനും പെട്ടെന്നു വേഗം കൈവരിക്കാനും സഹായിക്കും. പ്രോട്ടോടൈപ്പിനെ വച്ച് നോക്കിയാൽ എഫ്77ന്റെ പുതിയ മോട്ടർ മൗണ്ട് 33 ശതമാനത്തോളം ഭാരം കുറയ്ക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

ഭാരം കുറയുന്നതിനൊപ്പം കടുപ്പമേറിയെന്നും കമ്പനി അവകാശപ്പെടുന്നു. പാസീവ് എയർകൂളിങ് ഉൾപ്പെടെ മികച്ച സാങ്കേതിക സൗകര്യങ്ങളുള്ള ബാറ്ററി പായ്ക്ക് നിലവിൽ ലഭ്യമായ ഏതൊരു ഇലക്ട്രിക് വാഹനത്തിന്റേതിനെക്കാളും മികച്ചതായിരിക്കുമെന്നാണ് കമ്പനി പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.