1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2021

സ്വന്തം ലേഖകൻ: സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ഹോളണ്ടിൽ കിരീടാവകാശിയായ കാതറീന അമാലിയ രാജകുമാരിയ്ക്ക് സ്ത്രീയെയോ പുരുഷനെയോ വിവാഹം ചെയ്യാമെന്ന് ഡച്ച് പ്രധാനമന്ത്രി. രാജകുമാരി സ്വവർഗ വിവാഹം ചെയ്താലും അധികാരം നഷ്ടമാകില്ലെന്നും പ്രഛാമന്ത്രി മാർക്ക് റുട്ട് വ്യക്തമാക്കി. 2001 മുതൽ ഹോളണ്ടിൽ സ്വവർഗവിവാഹം നിയമവിധേയമാണ്.

അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ 17കാരിയായ കാതറീന അമാലിയ തയ്യാറായിട്ടില്ല. ഇവരുടെ വ്യക്തിജീവിതം സംബന്ധിച്ച അധികവിവരങ്ങൾ ലഭ്യമല്ലെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് നിയമപരമായി സ്വവർഗവിവാഹങ്ങൾ അനുവദനീയമാണെങ്കിലും രാജകുടുംബത്തിൽ ഇത് അനുവദിച്ചേക്കില്ലെന്ന് അടുത്തിടെ പുറത്തിറങ്ങിയ ചില പുസ്തകങ്ങളിൽ പരാമർശം വന്നതോടെയാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രി വ്യക്തത വരുത്തിയത്.

കാതറീനയ്ക്ക് ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നതിലും പ്രശ്നമില്ലെന്നാണ് സർക്കാർ കരുതുന്നതെന്ന് പ്രധാനമന്ത്രി പാർലമെൻ്റിനെ അറിയിച്ചു. വിഷയം മുൻപ് ചർച്ച ചെയ്തത് 2000ത്തിലാണെന്നും ഇതിനു ശേഷം കാലം ഏറെ മാറിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. രാജാവോ കിരീടാവകാശിയോ സ്വവർഗവിവാഹം ചെയ്യുന്നതിൽ നിന്ന് മാറി നിൽക്കണമെന്ന് സർക്കാർ കരുതുന്നില്ലെന്നും അദ്ദേഹം കത്തിൽ വിശദീകരിച്ചു. 2001ലാണ് നെതർലൻഡ്സിൽ സ്വവർഗവിവാഹങ്ങൾ നിയമവിധേയമായത്.

അതേസമയം, കിരീടാവകാശി സ്വവവർഗവിവാഹം ചെയ്താൽ ദമ്പതികളുടെ കുട്ടികളിയേക്ക് അധികാരം കൈമാറുന്നത് എങ്ങനെയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യം ഇപ്പോൾ ചർച്ച ചെയ്തു തീരുമാനിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ മാത്രം ആലോചിക്കേണ്ട വിഷയമാണ് ഇതെന്നും കാലത്തിനനുസരിച്ച് കുടുംബനിയമങ്ങൾ മാറുന്നുണ്ടെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു വിവാഹങ്ങൾക്കു വിരുദ്ധമായി രാജകുടുംബത്തിലെ വിവാഹങ്ങൾ നടക്കാൻ പാർലമെൻ്റിൻ്റെ കൂടി അനുമതി വേണം. മുൻപും രാജകുടുംബത്തിൽ നടന്ന ചില വിവാഹങ്ങൾ പാർലമെൻ്റ് അനുമതി നൽകാത്തതി്റെ പേരിൽ മുടങ്ങിയിട്ടുണ്ട്.

നെത‍ര്‍ലൻഡ്സിലെ വില്ലെം അലെക്സാണ്ട‍ര്‍ രാജാവിൻ്രെ മൂത്ത പുത്രിയാണ് നെത‍ര്‍ലൻഡ്സിലെ കിരീടാവകാശിയായ കാതറീന രാജകുമാരി. കാതറീന അമാലിയ ബിയാട്രിക്സ് കാ‍ര്‍മൻ വിക്ടോറിയ എന്നാണ് ഇവരുടെ മുഴുവൻ പേര്. മാക്സിമ രാജ്ഞിയാണ് അമ്മ. വില്ലം അലെക്സാണ്ട‍‍ര്‍ രാജാവിനു ശേഷം അധികാരമേറ്റെടുക്കുന്ന കാതറീനയ്ക്ക് ആയിരിക്കും നെത‍ര്‍ലൻഡ്സിൻ്റെയും അറൂബ, കുറാകോ പ്രദേശങ്ങളുടെയും ഭരണച്ചുമതല. 2003 ഡിസംബർ ഏഴിനാണ് കാതറീന അമാലിയ ജനിച്ചത്. കാതറീനയെക്കൂടാതെ രണ്ട് ഇളയ പെൺകുട്ടികൾ കൂടി വില്ലം അലക്സാണ്ടർ രാജാവിനുണ്ട്.

രാജകുടുംബത്തിന് പ്രത്യേക സ്ഥാനങ്ങള്‍ ഉണ്ടെങ്കിലും 1848 മുതൽ പാ‍ര്‍ലമെന്‍റി ജനാധിപത്യമാണ് നെതര്‍ലൻഡ്സിൽ നിലവിലുള്ളത്. രാജാവിനോ രാജ്ഞിയ്ക്കോ രാഷ്ട്രത്തലവൻ എന്ന പദവിയുണ്ടെങ്കിലും അധികാരങ്ങൾ പരിമിതമാണ്. രാജ്യഭരണം നിര്‍വഹിക്കുന്നത് കേന്ദ്രമന്ത്രിസഭയാണെങ്കിലും രാജാവിന് ഭരണകാര്യങ്ങളിൽ മന്ത്രിസഭയെ ഉപദേശിക്കുന്നത് പതിവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.