1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2018

സ്വന്തം ലേഖകന്‍: മരിക്കുന്നതിന് മുമ്പ് അയല്‍ക്കാരന്‍ രണ്ടു വയസുകാരിക്ക് ഒരുക്കിവെച്ചത് 14 കൊല്ലത്തേക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍; കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമടങ്ങുന്ന സമ്മാന ശേഖരം കണ്ട് കണ്ണീരണിഞ്ഞ് സോഷ്യല്‍ മീഡിയ. സമീപവാസിയായ കെന്നിന്റെ പുത്രി വലിയൊരു സഞ്ചിയുമായി വീട്ടിലെത്തിയപ്പോള്‍ അത് സമ്മാനമാണെന്ന് വെയില്‍സ് സ്വദേശിയായ ഓവന്‍ ഒരിക്കലും കരുതിയില്ല. എന്നാല്‍ തന്റെ മകള്‍ക്കായി അയല്‍വാസി കെന്‍ 14 വര്‍ഷത്തേക്ക് കരുതിവച്ച ക്രിസ്മസ് സമ്മാനങ്ങളാണ് സഞ്ചിയിലെന്ന് അറിഞ്ഞപ്പോള്‍ ഓവനിന്റെ കണ്ണുകള്‍ നിറഞ്ഞോഴുകി.

ഒക്ടോബറിലായിരുന്നു കെന്നിന്റെ മരണം. മൂന്നു വര്‍ഷം മുമ്പാണ് ഓവനും ഭാര്യയും കെന്നിന്റെ വീട്ടിനടുത്ത് താമസത്തിനെത്തിയത്. അന്നു മുതല്‍ ഇരുവീട്ടുകാരും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. അവിടെയെത്തി അടുത്ത കൊല്ലമാണ് ഓവന് മകള്‍ ജനിക്കുന്നത്. കുഞ്ഞ് കാഡിയുടെ മുത്തച്ഛന്റെ സ്ഥാനത്തായിരുന്നു കെന്‍. സ്വന്തം കൊച്ചുമകളെ പോലെയായിരുന്നു കെന്നിന് അവള്‍.

അവള്‍ക്ക് സ്‌നേഹവും വാല്‍സല്യവും കെന്‍ നിര്‍ലോഭം നല്‍കി. കഴിഞ്ഞ ക്രിസ്മസിന് കാഡിക്ക് സമ്മാനം നല്‍കുകയും ചെയ്തിരുന്നു. ഈ സമ്മാനക്കൂമ്പാരം കണ്ട് താന്‍ കുറച്ചു സമയത്തേക്ക് സ്തബ്ദനായിപ്പോയി എന്ന് ഓവന്‍ പറയുന്നു. സമ്മാനസഞ്ചി കണ്ട് ഭാര്യയും ഭാര്യയോട് വീഡിയോചാറ്റിലായിരുന്ന ഭാര്യാമാതാവും കരച്ചിലടക്കാന്‍ പാടുപെട്ടുവെന്നും ഓവന്‍ പറയുന്നു.

സമ്മാനങ്ങളെ കുറിച്ച് ഓവന്‍ ട്വിറ്ററില്‍ കുറിച്ചു. ധാരാളം പേര്‍ കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. സമ്മാനങ്ങളെല്ലാം ഇപ്പോള്‍ തുറന്നു പരിശോധിക്കണോയെന്ന് ട്വിറ്റര്‍ സുഹൃത്തുക്കളോട് ചോദിക്കുകയും ചെയ്തു. അന്‍പതിനായിരത്തിലധികം പേര്‍ അഭിപ്രായവുമായി ട്വിറ്ററിലെത്തിയിരുന്നു. പുസ്തകങ്ങളും കളിപ്പാട്ടങ്ങളും അടങ്ങുന്ന സമ്മാനശേഖരം അടുത്ത പതിനാലു വര്‍ഷത്തേക്ക് സൂക്ഷിക്കണോയെന്നാണ് ഓവന്റെ സംശയം.

കാരണം സമ്മാനങ്ങള്‍ മുഴുവന്‍ ചെറിയ പ്രായത്തിലുള്ള കുട്ടിക്കുള്ളതാണ്. ഇപ്പോള്‍ തന്നെ അതൊക്കെ മകള്‍ക്ക് നല്‍കാമെന്നാണ് ഓവന്‍ കരുതുന്നത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വലിയ കുട്ടിയാവുന്ന കാഡിക്ക് അപ്പോള്‍ ഈ സമ്മാനങ്ങള്‍ ആവശ്യമില്ലല്ലോ എന്നതിനാലാണ് ഇപ്പോള്‍ തന്നെ ഇതൊക്കെ അവള്‍ക്ക് നല്‍കാണെന്ന തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഓവന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.