
സ്വന്തം ലേഖകൻ: ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) അംഗ രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ട്രാഫിക് പദ്ധതി അന്തിമ ഘട്ടത്തില്‍. ഇതുമായി നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതായും പദ്ധതി ഉടന്‍ തന്നെ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ജിസിസി രാജ്യങ്ങളിലെ പൊതു ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കിടയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന വര്‍ക്കിംഗ് ഗ്രൂപ്പിന്റെ 19-ാമത് യോഗം സമീപഭാവിയില്‍ ഏകീകൃത സംവിധാനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ട്രാഫിക് വിവരങ്ങളുടെ ലിങ്കിംഗ് പ്രക്രിയകളുടെ ഏറ്റവും പുതിയ ഘട്ടങ്ങളും ജിസിസി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകള്‍ തമ്മിലുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ കൈമാറ്റം സജീവമാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.
ഗതാഗത നിയമലംഘനങ്ങള്‍ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 39-ാമത് യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്. നിര്‍ദ്ദിഷ്ട ജിസിസി ഏകീകൃത ട്രാഫിക് സിസ്റ്റത്തിന് കീഴിലുള്ള ഗതാഗത ലംഘനങ്ങളും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച് ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ എളുപ്പത്തിലുള്ള ഏകോപനവും ഡാറ്റാ കൈമാറ്റവും ഈ പദ്ധതി നടപ്പിലാവുന്നതോടെ യാഥാര്‍ഥ്യമാകും.
ഏകീകൃത ജിസിസി ട്രാഫിക് പദ്ധതിയിലൂടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിനുള്ള സംവിധാനം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ജിസിസി അംഗരാജ്യങ്ങളില്‍ ഇതിനകം പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു.
പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ, പിഴ അടയ്ക്കുന്നതിനുള്ള ഏകീകൃത സംവിധാനം വഴി എല്ലാ ജിസിസി ട്രാഫിക് വിഭാഗങ്ങളെയും പരസ്പരം ബന്ധിപ്പിക്കും. ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ വച്ചുണ്ടാകുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയടക്കാതെ മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടുന്ന നിലവിലെ രീതിക്ക് ഇതോടെ അറുതിയാവും. പുതിയ പദ്ധതി പ്രകാരം ഏതെങ്കിലുമൊരു ജിസിസി രാജ്യത്ത് വച്ചുണ്ടാവുന്ന നിയമലംഘനങ്ങള്‍ക്കുള്ള പിഴ മറ്റ് അംഗ രാജ്യങ്ങളില്‍ എത്തിയാലും അടക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല