1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2020

സ്വന്തം ലേഖകൻ: ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ഉണ്ടായേക്കില്ല. അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്‌, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാകും ആദ്യ ഘട്ടത്തില്‍ ഇ-തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക.

ഫ്രാന്‍സ്, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചേക്കും. തെരഞ്ഞെടുപ്പ്‌ കമ്മീഷനിലെയും വിദേശകാര്യാ മന്ത്രാലയത്തിലെയും ഉദ്യോഗസഥര്‍ ഇ-തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം അല്ലാത്തതിനാലാണ് ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ-തപാല്‍ വോട്ട് അനുവദിക്കാത്തത് എന്നാണ് സൂചന.

ഇ- തപാല്‍ വോട്ട് നടപ്പിലാക്കുന്നതിനുള്ള കരട് മാര്‍ഗ്ഗരേഖ സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മിഷനും വിദേശ കാര്യാ മന്ത്രാലയവും ചര്‍ച്ച നടത്തി . ഇന്ത്യന്‍ എംബസ്സിയിലെ ചുമലതപ്പെട്ട ഉദ്യോഗസ്ഥന്‍ ബാലറ്റ് ഡൗണ്‍ ലോഡ് ചെയ്ത് വോട്ടര്‍ക്ക് നല്‍കണമെന്ന നിര്‍ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നത്.

വോട്ട് രേഖപെടുത്തിയ ശേഷം മുദ്ര വച്ച കവറില്‍ ബാലറ്റ് തിരികെ എംബസിക്ക് കൈമാറണം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പോടെ ബാലറ്റിനൊപ്പം കൈമാറണമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശിച്ചിട്ടുണ്ട്. ബാലറ്റ് തുടര്‍ന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എംബസ്സി അയച്ചു നല്‍കും.

കേരളം ഉള്‍പ്പടെയുള്ള നിയമസഭാ തെരെഞ്ഞുടുപ്പുകളില്‍ ഇ- തപാല്‍ വോട്ട് സംവിധാനം ഏര്‍പെടുത്താന്‍ സാങ്കേതികപരമായും ഭരണപരമായും തയ്യാറാണെന്ന് കമ്മിഷന്‍ അറിയിച്ചു. ഇ- തപാല്‍ വോട്ട് നടപ്പിലാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ എംബസികളില്‍ ഉറപ്പ് വരുത്തണം എന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

നിലവില്‍ പോസ്റ്റല്‍ വോട്ട് സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമേ ഉള്ളൂ. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്കും ബാധകമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വരണം. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല.

2014-ല്‍ വ്യവസായിയും മലയാളിയുമായ ഡോ. ഷംസീര്‍ വയലില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ആണ് പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കാന്‍ 2018 ഓഗസ്റ്റില്‍ സര്‍ക്കാര്‍ ലോക്സഭയില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഈ ബില്ല് രാജ്യസഭയില്‍ പാസാക്കുന്നതിന് ഉള്ള നടപടികള്‍ ഉണ്ടായില്ല. പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നിരവധി തവണ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.