1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2024

സ്വന്തം ലേഖകൻ: യുഎഇ നിവാസികളുടെ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ യുഎഇ പാസ് പൂർണ സുരക്ഷിതമാണെന്ന് ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) അറിയിച്ചു. യുഎഇ പാസ് ആപ് ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അതോറിറ്റി. യുഎഇയിലെ സർക്കാർ വകുപ്പുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കുമിടയിൽ ഔദ്യോഗിക രേഖകൾ അപ്‌ലോഡ് ചെയ്യാനും പരിശോധിക്കാനും പങ്കിടാനുമാണ് യുഎഇ പാസ് ആപ്പ് ഉപയോഗിക്കുന്നത്.

യുഎഇ പാസിലേക്ക് ഏതെങ്കിലും അറിയിപ്പുകളോ ലോഗിൻ അഭ്യർഥനകളോ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ ടിഡിആർഎ ഓർമിപ്പിച്ചു. നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് അനുമതി നൽകരുത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിനു മുൻപ് നന്നായി പരിശോധിച്ച് ഉറപ്പുവരുത്തണം.

ഡിജിറ്റൽ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ എല്ലാ സർക്കാർ സേവനങ്ങളും യുഎഇ പാസുമായി ബന്ധിപ്പിച്ചുവരികയാണ്. മന്ത്രാലയങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിലെ സേവനത്തിന് യുഎഇ പാസ് നിർബന്ധമാക്കുകയാണ്. യുഎഇ പാസ് മുഖേന ഇ–സിഗ്നേച്ചർ നൽകിയാലേ സേവനം ലഭിക്കൂ. വീസ സ്റ്റാംപ് ചെയ്യുക, പുതുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടക കരാർ പുതുക്കുക, ജല–വൈദ്യുതി കണക്‌ഷൻ എടുക്കുക തുടങ്ങിയ സേവനങ്ങൾ യുഎഇ പാസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ സ്വദേശികളും വിദേശികളും യുഎഇ പാസ് എടുക്കണം.

എമിറേറ്റ്സ് ഐഡി, വീസ എന്നിവ എടുക്കുക, പുതുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടകക്കരാർ അറ്റസ്റ്റ് ചെയ്യുക, പുതുക്കുക, വാഹനം റജിസ്റ്റർ ചെയ്യുക, സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് അടയ്ക്കുക, ബിസിനസ് ആരംഭിക്കുക തുടങ്ങി അയ്യായിരത്തോളം സേവനങ്ങൾക്കുള്ള ഇടപാടുകൾ യുഎഇ പാസ് ഉപയോഗിച്ച്് സ്വന്തമായി 24 മണിക്കൂറും നടത്താം.

നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവർക്ക് സർക്കാർ ഓഫിസിനെയോ ടൈപ്പിങ് സെന്ററിനെയോ ആശ്രയിക്കുന്നത് ഒഴിവാക്കാം. യുഎഇ പാസ് മറ്റൊരാൾക്ക് ദുരുപയോഗം ചെയ്യാൻ സാധിക്കില്ല. ഇതുപയോഗിച്ച് ഏതെങ്കിലും സർക്കാർ സേവനത്തിനു ശ്രമിച്ചാൽ ബന്ധപ്പെട്ട വകുപ്പ് അതതു വ്യക്തിക്ക് മൊബൈലിൽ അയയ്ക്കുന്ന കോഡ് നൽകിയാൽ മാത്രമേ സൈറ്റ് തുറക്കൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.