സ്വന്തം ലേഖകൻ: വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ എളുപ്പത്തിലുള്ള ഇ-വീസ സംവിധാനം അവതരിപ്പിച്ച് ശ്രീലങ്ക. ഇതിനായി പുതിയ വീസ പോര്‍ട്ടലും നിലവില്‍ വന്നു. ഇതുവഴി വളരെ വേഗത്തില്‍ വീസ അപേക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ടൂറിസം രംഗത്ത് കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ടാണ് ശ്രീലങ്കയുടെ ഈ നീക്കം.
നിലവിലുള്ള ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) രീതിക്ക് പകരമാണ് ഇ-വീസ സംവിധാനം നിലവില്‍ വന്നത്. വിനോദസഞ്ചാരം, ബിസിനസ് എന്നീ കാര്യങ്ങള്‍ക്കായി വിമാനം, കപ്പല്‍ മാര്‍ഗം എത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇ-വീസയ്ക്ക് അപേക്ഷിക്കാം. പക്ഷെ നൈജീരിയ, കാമറൂണ്‍, ഘാന, ഐവറികോസ്റ്റ്, സിറിയ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത്തരത്തില്‍ വീസയ്ക്ക് അപേക്ഷിക്കാനാവില്ല. ഇവര്‍ എംബസി വഴി തന്നെയാണ് അപേക്ഷിക്കേണ്ടത്.
www.srilankaevisa.lk. എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പൂരിപ്പിച്ചാണ് വീസയ്ക്ക് അപേക്ഷിക്കേണ്ടത്. പാസ്‌പോര്‍ട്ട്, പുതുതായി എടുത്ത ഫോട്ടോ എന്നിവയും ഇവിടെ അപ്ലോഡ് ചെയ്യണം. ഇ-വീസ ഫീസും ഓണ്‍ലൈനായി തന്നെ അടയ്ക്കാം. അപേക്ഷ സമര്‍പ്പിച്ചാല്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ വഴി വീസ സ്റ്റാറ്റസ് പരിശോധിക്കാം.
ശ്രീലങ്കയിലെത്തുമ്പോള്‍ ഇ-വീസയുടെ കോപ്പി കയ്യില്‍ കരുതണം. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാര്‍ക്ക് വീസരഹിത പ്രവേശനം കഴിഞ്ഞ വര്‍ഷം ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു. 2024 മാര്‍ച്ച് 31 വരെയാണ് ഈ സ്‌കീമിന്റെ കാലാവധി ഉണ്ടായിരുന്നത്. നിരവധി ഇന്ത്യന്‍ സഞ്ചാരികളാണ് ഇത് പ്രയോജനപ്പെടുത്തി ശ്രീലങ്കയിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല