1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2017

സ്വന്തം ലേഖകന്‍: ചൈനയിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിച്വാനില്‍ കഴിഞ്ഞ ദിവ്‌സമുണ്ടായ ശക്തമായ ഭൂചലനത്തില്‍ പത്തോളം പേരുടെ മരണം മാത്രമേ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളു. എന്നാല്‍ പരുക്കേറ്റ നൂറുക്കണക്കിനാളുകളുടെ സ്ഥിതി ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണത്തിനായുള്ള ചൈനയുടെ ദേശീയ കമ്മീഷന്‍ വ്യക്തമാക്കി.

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മരണ സംഖ്യ 19 ആയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ പര്‍വ്വത പ്രദേശമാണ് ഭൂകമ്പമുണ്ടായ സിച്വാന്‍ പ്രവിശ്യ. ഇവിടെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന 1.3 ലക്ഷം വീടുകള്‍ ദുരന്തത്തില്‍ തകര്‍ന്നതായി നാഷനല്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രാക്തന ഗോത്രവിഭാഗക്കാരായ തിബത്തന്‍ വംശജര്‍ താമസിക്കുന്ന സ്ഥലമാണ് ഭൂകമ്പം നാശം വിതച്ച പ്രദേശം. ഇവരില്‍ ഭൂരിപക്ഷം ആളുകളും ആട്ടിടയന്‍മാരും സഞ്ചാരികളുമാണ്.

ഭൂകമ്പത്തിന്റെ തീവ്രത 6.5 ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളെങ്കിലും റിക്ടര്‍ സ്‌കെയിലില്‍ ഏഴ് അടയാളപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ബെയ്ജിംഗില്‍ നിന്നും അല്‍ജസീറ ലേഖകന്‍ അറിയിച്ചു. ഭൂമിക്കടിയില്‍ 15 കിലോമീറ്റര്‍ മാത്രം താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നതിനാലാണ് തീവ്രത ഇത്ര കൂടിയതെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ രക്ഷുപ്പെടുത്താനും പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനുമായി 600 ലെറെ അഗ്‌നിശമന സൈനികര്‍ സജീവമാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

കനത്ത ഭൂകമ്പം പ്രശസ്തമായ വിനോദസഞ്ചാര മേഖലയെ ആകെ തകര്‍ത്തു. പ്രശസ്തമായ ജിയുസായ് താഴ്‌വര ദേശീയ ഉദ്യാനവും വെള്ളച്ചാട്ടവും സിചുവാന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം 34,000ലേറെ വിനോദ സഞ്ചാരികളായിരുന്നു ഇവിടെയെത്തിയത്. പ്രവിശ്യന്‍ തലസ്ഥാനമായ സിയാനിലും ഭൂകമ്പത്തിന്റെ അലയൊലികളുണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരാണ്. എല്ലാം ഉപേക്ഷിച്ച് തെരുവുകളില്‍ അഭയം തേടിയിരിക്കുകയാണ് ആയിരക്കണക്കിനാളുകള്‍. സിചുവാനില്‍ 2008 ലുണ്ടായ ഭൂകമ്പത്തില്‍ 70,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.