1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2024

സ്വന്തം ലേഖകൻ: ര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈത്ത് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് അധികൃതര്‍. വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു കൊണ്ടാണിത്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്കു ശേഷം രാജ്യത്തെ വിവിധ മേഖലകളിലുള്ള തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ പരിഷ്‌ക്കരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ഡയറക്ടര്‍ ബോര്‍ഡ് പുതിയ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും രാജ്യത്ത് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനും വിദേശ ജോലിക്കാരെ കൈമാറ്റം ചെയ്യുന്നതിനുമുള്ള നടപടികള്‍ ലഘൂകരിച്ചത്. തൊഴില്‍ നിയമത്തിലെ പുതിയ മാറ്റങ്ങള്‍ ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധകൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനൊപ്പം തൊഴിലാളി ക്ഷാമം കാരണം തൊഴില്‍ മേഖലയിലുണ്ടായ താങ്ങാനാവാത്ത ചെലവ് നിയന്ത്രിക്കുകയും രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയും പുതിയ മാറ്റങ്ങളിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍ വലിയ ശമ്പളം നല്‍കിയാണ് സ്ഥാപനങ്ങള്‍ ജീവനക്കാരെ നിയമിക്കുന്നത്. ഇത് സാധനങ്ങളുടെയം സേവനങ്ങളുടെയും വിലയിലും വലിയ വര്‍ധനവിന് കാരണമായതായും വിലയിരുത്തപ്പെടുന്നു. ജൂണ്‍ ഒന്നിന് തീരുമാനം നടപ്പിലാക്കപ്പെടുന്ന മുറയ്ക്ക് രാജ്യത്തെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമാവുമെന്ന് ഈ മേഖലയിലുള്ളവര്‍ പറഞ്ഞു.

നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ നിലവിലുള്ള തൊഴിലാളികളെ മറ്റൊരു തൊഴിലുടമയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നാണ് നിയമം. എന്നാല്‍ പുതിയ ഭേദഗതിയോടെ ഈ നിബന്ധന ഒഴിവാക്കി. നിലവിലെ തൊഴിലാളികളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതിയ വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഇത് വഴി സാധിക്കും. തൊഴിലാളികള്‍ കൂടുന്നതിന് അനുസരിച്ച് കുറഞ്ഞ വേതനത്തിന് തൊഴിലാളികളെ ലഭ്യമാക്കാനാവും.

ഇതോടൊപ്പം, പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയതാണ് തൊഴില്‍ നിയമത്തിലെ മറ്റൊരു മാറ്റം. ഇതനുസരിച്ച്, ഒരു പുതിയ വര്‍ക്ക് പെര്‍മിറ്റിന് 150 കുവൈത്ത് ദിനാര്‍ ഫീസായി നല്‍കണം. ഒരിടത്ത് ജോലിയില്‍ പ്രവേശിച്ച ശേഷണുള്ള ആദ്യ മൂന്നുവര്‍ഷത്തിനുള്ളില്‍ ഒരു തൊഴിലാളിയെ ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിന് 300 കുവൈത്ത് ദിനാര്‍ ഫീസ് ഈടാക്കാനും മാന്‍പവര്‍ കമ്മിറ്റി തീരുമാനിച്ചു.

രാജ്യത്ത് നിയമവിരുദ്ധമായി തൊഴിലാളികളെ കൊണ്ടുവരുന്ന രീതി അവസാനിപ്പിക്കുന്നതിനും വീസ വ്യാപാരം തടയുന്നതിനും തൊഴില്‍ വിപണിയുടെ അന്തരീക്ഷം സുസ്ഥിരമാക്കുന്നതിനും തൊഴില്‍ റിക്രൂട്ട്‌മെന്റിനും ട്രാന്‍ഫര്‍ ചെയ്യുന്നതിനും ഫീസ് ഈടാക്കാനുള്ള തീരുമാനം സഹായകമാവുമെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം അവസാനത്തോടെ, രാജ്യത്തെ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് അവരുടെ യഥാര്‍ഥ തൊഴിലുടമയുടെ അംഗീകാരത്തോടെ മറ്റൊരു ജോലി കൂടി ഏറ്റെടുക്കാന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ ജോലിസമയം പരമാവധി നാല് മണിക്കൂറായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. തൊഴിലാളിക്ഷാമം നേരിടുന്ന കരാര്‍മേഖലയെ ഈ സമയപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു വരുന്നതായും അവരെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ വേണമെന്നുമുള്ള ആവശ്യം സ്വദേശികള്‍ക്കിടയില്‍ ശക്തമായി വരുന്നതിനിടയിലാണ് പുതിയ തീരുമാനം. പ്രവാസികള്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ മുഴുവന്‍ ഊറ്റിക്കുടിക്കുന്നതായും രാജ്യത്തിന്റെ സംസ്‌ക്കാരത്തിനും പൈതൃകത്തിലും കോട്ടം വരുത്തുന്നതായും ഇവര്‍ വാദിക്കുന്നു.

ഇത് നിയന്ത്രിക്കാന്‍ അവര്‍ക്ക് ചികിത്സ ഉള്‍പ്പെടെയുള്ള സൗജന്യ സേവനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. കുവൈത്തിലെ മൊത്തം ജനസംഖ്യയായ 4.8 ദശലക്ഷത്തില്‍ ഏകദേശം 3.2 ദശലക്ഷം വിദേശികളാണെന്നാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.