1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2021

സ്വന്തം ലേഖകൻ: ചാര സോഫ്​​റ്റ്​വെയറുകളുടെ വ്യാപാരം അന്താരാഷ്ട്രതലത്തിൽ നിരോധിക്കണമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസി മുൻ ജീവനക്കാരനും ‘വിസിൽ ബ്ലോവറു’മായ എഡ്വേഡ് സ്നോഡൻ. അല്ലാത്തപക്ഷം ഒരു ഫോണും സുരക്ഷിതമല്ലാത്ത ലോകത്തെയാണ് അഭിമുഖീകരിക്കേണ്ടി വരികയെന്ന് സ്നോഡൻ മുന്നറിയിപ്പ് നൽകി. ഇസ്രായേലി കമ്പനിയുടെ പെഗസസ് ചാര സോഫ്​​റ്റ്​വെയർ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിൽ ഫോണുകൾ ഹാക്ക് ചെയ്ത് ചാരവൃത്തി നടന്നതായ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സ്നോഡന്‍റെ പ്രതികരണം.

ലാഭം ലക്ഷ്യമിട്ട് ചാര സോഫ്​​റ്റ്​വെയറുകൾ നിർമിക്കുന്നത് ഒരിക്കലും നിലവിലുണ്ടാകരുതാത്ത വ്യവസായമാണെന്നും ‘ദ ഗാർഡിയന്’ നൽകിയ അഭിമുഖത്തിൽ സ്നോഡൻ ചൂണ്ടിക്കാട്ടി. ഭരണകൂടങ്ങൾ പൗരന്മാരെ അടിച്ചമർത്തുന്നതിനും കടുത്ത നിരീക്ഷണത്തിന് വിധേയരാക്കുന്നതിനും വാണിജ്യ ചാര സോഫ്​​റ്റ്​വെയറുകളെ ഏതുതരത്തിൽ ഉപയോഗിക്കുന്നുവെന്നത് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകളിൽ വ്യക്തമാണെന്ന് സ്നോഡൻ ചൂണ്ടിക്കാട്ടി.

പൊലീസിന് പരമ്പരാഗത രീതിയിൽ ഒരാളുടെ ഫോൺ ചോർത്താനോ ഉപകരണങ്ങളിൽ ഫയലുകൾ തിരുകിക്കയറ്റാനോ ചെയ്യണമെന്നുണ്ടെങ്കിൽ അവരുടെ അടുത്തേക്ക് പോകേണ്ടതുണ്ട്. അവരുടെ വീട്ടിലോ കാറിലോ ഓഫിസിലോ ചെല്ലേണ്ടതുണ്ട്. ഒരു വാറന്‍റും കൈയിലുണ്ടാവേണ്ടതുണ്ട്.

എന്നാൽ, വാണിജ്യ ചാര സോഫ്​​റ്റ്​വെയറുകൾ ഈ പണി എളുപ്പവും ചെലവു കുറഞ്ഞതുമാക്കുകയാണ്. അകലത്തെവിടെയോ ഇരുന്ന് കുറഞ്ഞ ചെലവിൽ ഇങ്ങനെ ചാരവൃത്തി നടത്താൻ സാധിക്കുമെങ്കിൽ അത് എല്ലാക്കാലവും തുടർന്നുകൊണ്ടേയിരിക്കും. പ്രധാനമായും ലക്ഷ്യമിടുന്നവർക്ക് േനരെ മാത്രമല്ല, അവർക്ക് നേരിയ താൽപര്യമുള്ള ആളുകളെ വരെ ഇത്തരത്തിൽ നിരീക്ഷണത്തിന് കീഴിലാക്കാം -സ്നോഡൻ് ചൂണ്ടിക്കാട്ടി.

ഈയൊരു സാങ്കേതിക വിദ്യക്കെതിരെ നിങ്ങൾക്കൊന്നും ചെയ്യാനായില്ലെങ്കിൽ 50,000 പേർ മാത്രമായിരിക്കില്ല ചാരവൃത്തിക്ക് വിധേയരാവുക. അഞ്ച് കോടി പേരെ നിരീക്ഷിക്കണമെങ്കിൽ അതും സാധ്യമാണ്. നാം പ്രതീക്ഷിക്കുന്നതിലും വേഗത്തിലാവും ഇത് സംഭവിക്കുക.

പെഗസസിനെ പോലെയുള്ള ശക്തമായ ചാര സോഫ്​​റ്റ്​വെയറുകൾക്കെതിരെ സാധാരണക്കാർക്ക് ഒന്നും ചെയ്യാനാകില്ല. അണുവായുധങ്ങൾക്കെതിരെ സാധാരണക്കാരന് ഒന്നും ചെയ്യാനാകാത്തതിന് തുല്യമാണിത്. അന്താരാഷ്ട്ര തലത്തിൽ നിരോധനം ഏർപ്പെടുത്തുക മാത്രമാണ് മുന്നിലുള്ള വഴി – സ്നോഡൻ ചൂണ്ടിക്കാട്ടി.

യു.എസ് ഇന്‍റലിജൻസ് സംവിധാനങ്ങളെ ഞെട്ടിച്ച വിവര ചോർച്ചയ്ക്കു പിന്നിൽ പ്രവർത്തിച്ചയാളാണ് സ്നോഡൻ. മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിൾ, ഫേസ്ബുക്ക്, പാൽടോക്ക്, സെ്‌കെപ്പ്, യു.ട്യൂബ്, എ.ഒ.എൽ., ആപ്പിൾ എന്നിവയടക്കം ഒൻപത് അമേരിക്കൻ ഇൻറർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ചോർത്തുന്നുവെന്ന വാർത്ത ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്ദിനപത്രങ്ങൾ വഴി പുറത്തുകൊണ്ടു വന്നത് സ്നോഡെനായിരുന്നു. പ്രിസം എന്ന രഹസ്യനാമത്തിലായിരുന്നു ഈ പദ്ധതി അറിയപ്പെട്ടിരുന്നത്.

അമേരിക്കയെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തലിന് പിന്നാലെ ഹോങ്കോങ്ങിൽ അഭയം തേടിയ സ്‌നോഡെൻ പിന്നീട് മോസ്‌കോയിലേക്ക് കടക്കുകയായിരുന്നു. നിലവിൽ റഷ്യയാണ് സ്നോഡന് അഭയം നൽകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.