
സ്വന്തം ലേഖകൻ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലെ പള്ളിയിലുണ്ടായ തീപിടുത്തത്തിൽ 41 പേർ കൊല്ലപ്പെട്ടു. അമ്പതിലേറെ പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കെയ്റോയുടെ വടക്കുപടിഞ്ഞാറൻ നഗരമായ ഗിസായിലുള്ള കോപ്റ്റിക്ക് പള്ളിയായ അബൂ സിഫിനിലാണ് തീപിടുത്തമുണ്ടായത്. സംഭവം നടക്കുമ്പോൾ അയ്യായിരത്തിലേറെപ്പേർ പ്രാർത്ഥനയ്ക്കായി പള്ളിയിൽ ഉണ്ടായിരുന്നു.
നിരവധി അഗ്നിശമനസേനാ യൂണിറ്റുകളെത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ പള്ളിക്കുള്ളിൽ തിക്കും തിരക്കും അനുഭവപ്പെട്ടതായും നിരവധിപ്പേർ മരിച്ചതായുമായാണ് റിപ്പോർട്ടിൽ പറയുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.
ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോഴായിരുന്നു അപകടം. രാവിലെ ഒമ്പത് മണിക്കാണ് സംഭവം നടക്കുന്നത്. സംഭവത്തിനു പിന്നാലെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി കോപ്റ്റിക്ക് മതമേലധ്യക്ഷനായ താട്രോസ് രണ്ടാമനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മരണപ്പെട്ടവരിൽ അധികവും കുട്ടികളാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തീപിടുത്തം ഉണ്ടാകുമ്പോൾ പള്ളിയുടെ മൂന്നാമത്തെയും നാലാമത്തെയും നിലകളിൽ വിശ്വാസികളുണ്ടായിരുന്നു. രണ്ടാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആളുകൾ പടി ഇറങ്ങി ഓടുന്നത് കാണാമായിരുന്നുവെന്ന് ആരാധനയ്ക്കായി പള്ളിയിലെത്തിയ യാസിർ മുനീർ എന്നയാൾ പറഞ്ഞു.
“ആളുകൾ ഇറങ്ങി ഓടുന്നതിനിടെ സ്ഫോടന ശബ്ദവും ജനലിലൂടെ തീപ്പൊരിയും കണ്ടു.” യാസിർ പറഞ്ഞു. താനും മകളും താഴത്തെ നിലയിലായിരുന്നുവെന്നും രക്ഷപെടാനായെന്നും അദ്ദേഹം വ്യക്തമാക്കി.
“അഗ്നിശമന സേനാംഗങ്ങൾ തീയണച്ച ശേഷം ഞാൻ എന്റെ സഹോദരിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. അവരിൽ പലരും കുട്ടികളാണ്. അവർ പള്ളിയിലെ നഴ്സറി മുറിയിലായിരുന്നു.” ദുരന്തത്തിൽ സഹോദരിയെ നഷ്ടപ്പെട്ട മഹർ മുറാദ് പറഞ്ഞു. “തീപിടുത്തം ഉണ്ടാകുമ്പോൾ പള്ളിയിൽ നിന്നും വെറും പത്ത് മീറ്റർ അകലെയായിരുന്നു ഞാൻ. പെട്ടെന്ന് പള്ളിയിൽ നിന്നും നിലവിളി ശബ്ദം ഉയർന്നു. ആ സമയം പള്ളിയിൽ നിന്നും തീയും പുകയും ഉയരുന്നുണ്ടായിരുന്നു.” മുറാദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല