1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2018

സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പീഡനക്കേസില്‍ വാദി പ്രതിയായി; പീഡന വിവരങ്ങള്‍ വീഡിയോയിലൂടെ പുറത്തുവിട്ട മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് രണ്ടു വര്‍ഷം തടവ്. വ്യാജപ്രചാരണം നടത്തി എന്നാരോപിച്ചാണ് അമല്‍ ഫാത്തിയെന്ന യുവതിയ്ക്ക് ഈജിപ്ഷ്യന്‍ കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. സംഭവത്തില്‍ യുഎന്നും ആംനസ്റ്റി ഇന്റര്‍നാഷണലും ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘടനകളുടെ പ്രതിനിധികള്‍ പ്രതിഷേധമറിയിച്ചു.

ഇക്കഴിഞ്ഞ മേയിലാണു ഫാത്തി സമൂഹമാധ്യമത്തില്‍ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ച അനുഭവം വിവരിക്കുന്ന 12 മിനുറ്റ് വീഡിയോ പങ്കുവച്ചത്. ഒരു പ്രാദേശിക ബാങ്കിലെ സൗകര്യമില്ലായ്മ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍, കുത്തഴിഞ്ഞ ഗതാഗത സംവിധാനം തുടങ്ങിവയും വീഡിയോയില്‍ പരാമര്‍ശിക്കപ്പെട്ടു. ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഈജിപ്തിനെക്കുറിച്ചും ഇവര്‍ വിമര്‍ശനമുന്നയിച്ചു. സ്ത്രീസുരക്ഷയ്ക്കായി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.

എന്നാല്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇത് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ പൊലീസ് ഫാത്തിയെ അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഫാത്തി 140 ദിവസത്തിലേറെയായി ജയിലില്‍ കഴിയുന്നു. അതിനിടെ ഒരു നിരോധിത സംഘടനയുമായും ഫാത്തിയ്ക്കു ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ആരോപിച്ചു. ഈജിപ്തില്‍ നിലവില്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ‘ഏപ്രില്‍ 6 യൂത്ത് മൂവ്‌മെന്റുമായി’ ഫാത്തിക്കു ബന്ധമുണ്ടെന്നാണ് ആരോപണം. 2011ല്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സംഘടനയാണിത്.

സംഭവത്തില്‍ ഫാത്തിയുടെ ഭര്‍ത്താവും ഈജിപ്ഷ്യന്‍ കമ്മിഷന്‍ ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഫ്രീഡംസ് എക്‌സി ഡയറക്ടറുമായ മുഹമ്മദ് ലോത്ഫി പ്രതികരണവുമായി എത്തിയിട്ടുണ്ട്. ‘ജയിലില്‍ പോകേണ്ടെങ്കില്‍ മിണ്ടാതിരിക്കുക’ എന്ന സന്ദേശമാണ് പീഡനത്തിനിരയാകുന്ന വനിതകള്‍ക്ക് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഫാത്തിയുടെ അഭിഭാഷകന്‍ അറിയിച്ചു.

ഫാത്തിക്ക് വീഡിയോ പോസ്റ്റ് ചെയ്ത കേസില്‍ ജാമ്യം ലഭിച്ചെങ്കിലും രാജ്യസുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിച്ചെന്ന കേസില്‍ രണ്ടു വര്‍ഷം തടവുശിക്ഷയ്‌ക്കൊപ്പം 10,000 ഈജിപ്ഷ്യന്‍ പൗണ്ട് (ഏകദേശം 40,000 രൂപ) പിഴശിക്ഷയും വിധിക്കുകയായിരുന്നു. ഫാത്തിക്കെതിരെയുള്ള മറ്റു കേസുകളും അടുത്ത ദിവസങ്ങളില്‍ കോടതി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.