1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2020

സ്വന്തം ലേഖകൻ: ഓഗസ്റ്റ് മൂന്നു മുതൽ യുഎഇയിലെ പള്ളികളിൽ 50% ആളുകളെ അനുവദിക്കും. എന്നാൽ വിശ്വാസികൾ പരസ്പരം ചുരുങ്ങിയത് രണ്ടു മീറ്റർ അകലത്തിലായിരിക്കണം നിൽക്കേണ്ടത്. കൊവിഡ് 19 ലോക്ഡൗൺ മൂലം അടച്ചിരുന്ന മുസ്‌ലിം പള്ളികളിൽ ഇൗ മാസം ഒന്നു മുതല്‍ 30% ആളുകളെ അനുവദിച്ചിരുന്നു.

പള്ളികൾ തുറക്കുന്നതു സംബന്ധിച്ചും ബലിപെരുന്നാളുമായി ബന്ധപ്പെട്ടും അധികൃതർ ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. മഗ്‌രിബ് ഒഴിച്ചുള്ള പ്രാർഥനകൾ 10 മിനിറ്റുകളിൽ കൂടരുത് (മഗ് രിബിന് 5 മിനിറ്റെടുക്കാം), ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ സ്മാർട് ആപ്ലിക്കേഷൻ വഴി മാത്രമേ നൽകാവൂ, ബലിമൃഗങ്ങളെ അംഗീകൃത കശാപ്പുശാലകൾ മുഖേനയേ അറക്കാവൂ.

ബലിമാംസം കുടുംബം, ബന്ധുക്കൾ, അയൽവാസികൾ എന്നിവർക്ക് മാത്രം വിതരണം ചെയ്യുക, പെരുന്നാളിന് കുടുംബസന്ദർശനം ഒഴിവാക്കുക, ഫോണിലൂടെയും ഒാൺലൈനിലൂടെയും ആശംസകൾ കൈമാറുക, കുട്ടികൾക്ക് പെരുന്നാൾ സമ്മാനങ്ങളും പണവും നൽകുന്നത് ഒഴിവാക്കുക, ഗർഭിണികൾ, മറ്റു അസുഖമുള്ളവർ എന്നിവരെ സന്ദർശിക്കാതിരിക്കുക, വീട്ടുജോലിക്കാർ പുറത്തുനിന്നുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക തുടങ്ങിയ മാർഗനിർദേശങ്ങളാണ് നൽകിയത്.

അതിനിടെ ബലിപെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കാൻ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അധികൃതർ ആഹ്വാനം ചെയ്തു. കൊവിഡ്19 നിയന്ത്രണങ്ങളുടെ ഭാഗമായാണിത്.

യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ഇൗ മാസം 30 മുതൽ ഒാഗസ്റ്റ് രണ്ടു വരെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. നേരത്തെ പൊതുമേഖലയ്ക്കും ഇതേ ദിവസങ്ങളിൽ മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരുന്നു. ഇരുമേഖലളിലും മൂന്നു മുതൽ പ്രവർത്തനം പുനരാരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.