1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2022

സ്വന്തം ലേഖകൻ: കെന്റക്കിയിലെ ലെക്സിംഗ്ടണിലുള്ള നാഷ് ജോണ്‍സണ്‍ എന്ന 8 വയസ്സുകാരന്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ താരമാണ്. തന്റെ പ്രായത്തിലുള്ള പല കുട്ടികളെയും പോലെ അവനും ഒരു എക്‌സ്‌ബോക്‌സ് വേണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ മാതാപിതാക്കളെ കൊണ്ട് വാങ്ങിപ്പിക്കാതെ സ്വന്തമായി അധ്വാനിച്ച് വാങ്ങണമെന്നായിരുന്നു നാഷിന്റെ തീരുമാനം.

അതിനായി അമ്മ അറിയാതെ, അടുത്തുള്ള ഡ്രെക് എന്ന റെസ്റ്റോറന്റില്‍ പാത്രം കഴുകുന്ന ജോലിക്കായി അവന്‍ അപേക്ഷിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച ശേഷം അവന്‍ അമ്മയോട് ഇക്കാര്യം പറഞ്ഞു. അമ്മ ബെലിന്‍ഡ ജോണ്‍സണ്‍ ഒന്നു ചിരിച്ചു, എന്നാല്‍ അവര്‍ ഒട്ടും അത്​ഭുതപ്പെട്ടില്ല. അവന്‍ പരാജയത്തെ ഭയക്കുന്നവനല്ല, ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ചില സമയത്ത് താന്‍ അവനോട് ചോദിച്ചിട്ടുണ്ട് ‘എവിടെ നിന്നാണ് ഇതൊക്കെ വരുന്നതെന്ന്’? അമ്മ ബെലിന്‍ഡ് പറയുന്നു.

പണം സമ്പാദിക്കുന്നതിന്റെയും ചെലവഴിക്കുന്നതിന്റേയും വില മനസിലാക്കിയതിനാലാണ് നാഷ് ഈ ജോലിക്ക് അപേക്ഷിച്ചത്. ഡ്രെകിലെ മാനേജര്‍ നാഷിന്റെ അപേക്ഷ ശ്രദ്ധിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ മാര്‍ക്ക് തോണ്‍ബര്‍ഗെയെ അസാധാരണമായ ഈ അപേക്ഷ കാണിക്കുകയും ചെയ്തു.

‘അപേക്ഷയുടെ ഏറ്റവും അടിയില്‍, തന്റെ പ്രായം 8 വയസ്സാണെന്ന് കൊടുത്തിട്ടുണ്ട് നാഷ്. എന്നാല്‍ ഇതുകണ്ട മാനേജര്‍ 8-ന്റെ മുന്നില്‍ 1 ഇടാന്‍ നാഷ് മറന്നതായിരിക്കുമെന്ന് വിചാരിച്ചു. ഇതോടെ അവര്‍ കുട്ടിയെ വിളിച്ചു. ആപ്ലിക്കേഷനില്‍ നാഷ് കൊടുത്ത നമ്പര്‍ അവന്റെ മുത്തശ്ശിയുടെ വീട്ടിലെയായിരുന്നു. ‘അതേ എനിക്ക് 8 വയസ്സേ ആയിട്ടുള്ളൂ’വെന്ന് നാഷ് പറഞ്ഞു.’ ഈ പ്രായം കുറഞ്ഞ അപേക്ഷകന്റെ സത്യസന്ധതയും ആഗ്രഹവും ഇച്ഛാശക്തിയും മനസിലാക്കിയ ഡ്രേക്ക് ടീം കുട്ടിയെ കാണാന്‍ തന്നെ തീരുമാനിച്ചു.

‘ഞങ്ങള്‍ക്ക് ഈ കുട്ടിക്കായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. അവന്‍ വളരെ പ്രത്യേകതയുള്ളയാളാണ്,’ 30 വര്‍ഷത്തെ തന്റെ റസ്റ്റോറന്റ് വ്യവസായത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ അപേക്ഷകനാണ് ഈ കുട്ടിയെന്നും തോണ്‍ബര്‍ഗ് പറഞ്ഞു. അദ്ദേഹം നാഷിനെയും കുടുംബത്തെയും ഡ്രേക്കിന്റെ ടീമില്‍ ചേരാന്‍ ക്ഷണിച്ചു, പിന്നീട്, ലെക്സിംഗ്ടണിലെ ലീസ്ടൗണ്‍ ഏരിയയിലെ പുതിയ ഓഫീസ് ഉദ്ഘാടനത്തിലേക്കും ഇവരെ പ്രത്യകം ക്ഷണിച്ചു.

ഇവിടെ നാഷിനെ അദ്​ഭു തപ്പെടുത്തി കൊണ്ട് ഡ്രേക്കിന്റെ യൂണിഫോം ഡ്രസും ഒരു പുതിയ എക്സ്ബോക്സും നല്‍കിയാണ് തോണ്‍ബര്‍ഗും ടീമും കുട്ടിയെ സ്വീകരിച്ചത്. ‘ഞാന്‍ ഞെട്ടിപ്പോയി, വളരെ സന്തോഷവാനുമാണ്. എനിക്കറിയില്ല, അമ്മേ എന്താണ് എനിക്ക് കരച്ചില്‍ വരുന്നതെന്ന്’ നാഷ് പറഞ്ഞപ്പോള്‍ ‘ക്രിസ്മസ് അല്‍പ്പം നേരത്തെ വന്നു’വെന്നായിരുന്നു ബെലിന്‍ഡിന്റെ പ്രതികരണം.

തോണ്‍ബര്‍ഗ് യൂണിഫോം ഷര്‍ട്ട് നല്‍കിയപ്പോള്‍ നാഷ് വളരെ ആവേശഭരിതനായിരുന്നു. എന്നാല്‍ കെന്റക്കിയിലെ അത്തരം ജോലിയുടെ ഏറ്റവും കുറഞ്ഞ പ്രായം 16 ആയതിനാൽ കുട്ടിക്ക് ജോലി ലഭിച്ചില്ല. തനിക്ക് ഈ ജോലിയുടെ സ്വഭാവത്തെ കുറിച്ച് ഒന്ന് അറിയണമെന്ന് നാഷ് പറഞ്ഞു. ഡിഷ് മെഷീന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കാനും അവന്‍ ആവശ്യപ്പെട്ടു.

എക്‌സ് ബോക്‌സ് കിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെങ്കിലും തനിക്കൊരു ജോലിയും കൂടിയുണ്ടായിരുന്നെങ്കില്‍ ഇതിലും നന്നാകുമായിരുന്നുവെന്ന് നാഷ് പറഞ്ഞു. കുട്ടിയുമൊത്തുള്ള സംസാരം വളരെ രസകരമായിരുന്നുവെന്ന് തോണ്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.