1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2022

സ്വന്തം ലേഖകൻ: സൗജന്യമായി വോയ്‌സ് കോള്‍ ചെയ്യാനും വീഡിയോ കോള്‍ ചെയ്യാനുമുള്ള മൊബൈല്‍ ആപ്പുമായി യുഎഇയിലെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ ഇത്തിസാലാത്ത്. ഒരു മൊബൈല്‍ നമ്പറുണ്ടെങ്കില്‍ ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ഗോചാറ്റ് മെസഞ്ചര്‍ എന്ന ആപ്പാണ് യുഎഇയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ഇത്തിസാലാത്ത് ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് വഴി പണം അയക്കാനും ബില്ലുകള്‍ അടയ്ക്കാനും ഗെയിമുകള്‍ കളിക്കാനും സാധിക്കും. ഇതിനു പുറമെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും വാര്‍ത്തകള്‍ അറിയാനും സാധിക്കുന്ന രീതിയില്‍ ഓള്‍ ഇന്‍ വണ്‍ ആപ്പായിട്ടാണ് ആപ്പ് സംവിധാനിച്ചിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സമൈല്‍ വൗച്ചറുകള്‍ സ്വന്തമാക്കാനും വീടുകളില്‍ വച്ച് പിസിആര്‍ പരിശോധനാ സേവനം ലഭ്യമാക്കാനും ശുചീകരണ തൊഴിലാളികളെ ബുക്ക് ചെയ്യാനും മറ്റും ഇതില്‍ സംവിധാനമുണ്ട്. ഉപഭോക്താക്കള്‍ മികച്ച കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇത്തിസാലാത്ത് അറിയിച്ചു. കോവിഡ് കാലം മുതല്‍ ഇന്റര്‍നെറ്റ് കോളിംഗ് ആപ്പുകള്‍ക്കുണ്ടായ സ്വീകാര്യതയാണ് ഇത്തരമൊരു ഉദ്യമത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ബോട്ടിം, ഹൈയു, വോയ്‌സോ തുടങ്ങിയ ഇന്റര്‍നെറ്റ് കോളിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള സേവനങ്ങള്‍ ഇത്തിസാലാത്ത് തുടരും. എന്നാല്‍ ഐഫോണിന്റെ ഫെയ്‌സ് ടൈം, മെറ്റയുടെ വാട്ട്‌സ്ആപ്പ് വോയിപ്‌കോള്‍ എന്നിവ അനുവദിക്കുന്നതിനെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. നിലവില്‍ സൂം, ഗൂഗ്ള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യുഎഇ നിവാസികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. കോവിഡ് കാലത്ത് വോയ്പ്പ് കോളുകള്‍ക്കായുള്ള മുറവിളി ശക്തമായിരുന്നെങ്കിലും അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.