1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2017

സ്വന്തം ലേഖകന്‍: ജര്‍മനി തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക്, സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അംഗല മെര്‍കല്‍, അഭയാര്‍ഥി വിഷയം ആയുധമാക്കി പ്രതിപക്ഷ കക്ഷികള്‍. യൂറോപ്യന്‍ യൂനിയന്‍ ഉറ്റുനോക്കുന്ന അങ്കത്തില്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ നാലാമൂഴം തേടിയാണ് കളത്തിലിറങ്ങുന്നത്. 2005 മുതല്‍ ഭരണം കൈവശം വച്ചിരിക്കുന്ന മെര്‍കലിനു മുന്നില്‍ 1982 മുതല്‍ 1998 വരെ ജര്‍മനി ഭരിച്ച ഹെല്‍മുട് കോള്‍ മാത്രമാണുള്ളത്.

മെര്‍കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍/ ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്‍ സഖ്യം (സി.ഡി.യു, സി.എസ്.യു) 39 ഉം ഇടതു പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 23 ഉം ശതമാനം വോട്ടുകള്‍ നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ 10 ലക്ഷം അഭയാര്‍ഥികളെ സ്വീകരിച്ച നടപടിയില്‍ മെര്‍കല്‍ പ്രതിരോധത്തിലാണ്. അതേസമയം, രാജ്യത്തെ സുസ്ഥിര സമ്പദ് വ്യവസ്ഥ ഉയര്‍ത്തിക്കാട്ടിയാണ് മെര്‍കല്‍ വിമര്‍ശകരെ പ്രതിരോധിക്കുന്നത്.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുന്ന മാര്‍ട്ടിന്‍ ഷൂള്‍സ് ആണ് മെര്‍കലിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ജര്‍മനിയില്‍ ഒരു പാര്‍ട്ടിയും ഒറ്റക്ക് ഭൂരിപക്ഷം തികക്കുന്ന ചരിത്രമില്ല. ഏറ്റവും കൂടുതല്‍ വോട്ടു നേടുന്ന പാര്‍ട്ടി മറ്റുള്ളവരുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുകയാണ് പതിവ്. മറ്റ് ഇയു രാജ്യങ്ങള്‍ വാതില്‍ കൊട്ടിയടിച്ച ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സ്വീകരിച്ചതില്‍ ഒട്ടും ഖേദമില്ലെന്ന് മെര്‍കല്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഭയാര്‍ഥികളോടുള്ള തുറന്ന വാതില്‍ നയത്തില്‍ പശ്ചാതാപമില്ലെന്നും തന്റെ രാഷ്ട്രീയ ഭാവി അസ്ഥിരതയിലാവുമെന്ന ഭയമില്ലെന്നും ജര്‍മന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ ലാഭം നോക്കിയല്ല, മാനുഷിക പരിഗണന നോക്കിയാണ് 2015ല്‍ താന്‍ ആ തീരുമാനമെടുത്തതെന്നും മെര്‍കല്‍ തുറന്നടിച്ചു. എന്നാല്‍ മെര്‍കലിന്റെ തുറന്ന വാതില്‍ നയമാണ് എതിര്‍ പാര്‍ട്ടികള്‍ പ്രധാന ആയുധമാക്കുന്നത്. സെപ്റ്റംബര്‍ 24 നാണ് ജര്‍മന്‍ ജനത വിധിയെഴുതുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.