1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2024

സ്വന്തം ലേഖകൻ: മാലദ്വീപില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി പ്രസഡന്റ് മൊഹമ്മദ് മുയിസുവിന്റെ പാര്‍ട്ടി പീപിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എന്‍.സി). 93 അംഗ സഭയില്‍ 86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 70 സീറ്റും പി.എന്‍.സി നേടിയതായാണ് പുറത്തുവരുന്ന വിവരം. ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നിലപാടുകളുടെ വക്താവാണ് മുയിസു.

മുഖ്യപ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ അനുകൂല നിലപാടുള്ളവരുമായ മാലദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി.) 15 സീറ്റുകള്‍ മാത്രമാണ് നിലവില്‍ നേടിയിരിക്കുന്നത്. ഇന്ത്യ അനുകൂല നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന എം.ഡി.പിയുടെ മുന്‍ പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 65 സീറ്റുകള്‍ നേടിയിരുന്നു.

കാലങ്ങളായി ഇന്ത്യയോടു ചേര്‍ന്നു നില്‍ക്കുന്ന വിദേശനയമായിരുന്നു മാലദ്വീപ് തുടര്‍ന്നിരുന്നത്. എന്നാല്‍ മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങള്‍ സ്വീകരിക്കുകയായിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഘലയാണ് മാലദ്വീപ്. വിനോദസഞ്ചാരം, രാജ്യാന്തരകപ്പല്‍ച്ചാലിന്റെ സാന്നിധ്യം തുടങ്ങിയ നിരവധി പ്രാധാന്യങ്ങള്‍ മാലദ്വീപിനുണ്ട്. ഇന്ത്യചൈന ഭൗമരാഷ്ട്രീയ ഭൂപടത്തിലും മാലദ്വീപിന് നിര്‍ണായക സ്ഥാനമാണുള്ളത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എന്‍.സി.) നേതാവായ മുയിസു അധികാരത്തിലെത്തിയത്. മുന്‍ പ്രസിഡന്റും ചൈനീസ് അനുകൂല നിലപാടുകാരനുമായ അബ്ദുള്ള യമീന്‍, കഴിഞ്ഞയാഴ്ച ജയില്‍ മോചിതനായിരുന്നു. അഴിമതിക്കേസിനെ തുടര്‍ന്നായിരുന്നു യമീന്‍ ജയിലിലായത്. എന്നാല്‍ അദ്ദേഹത്തിന്റെ 11 വര്‍ഷം തടവുശിക്ഷ കോടതി റദ്ദാക്കിയതോടെ മോചിതനാവുകയായിരുന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ ഈ മാസം, മുയിസു നിരവധി അടിസ്ഥാന സൗകര്യ വികസന കരാറുകള്‍ ചൈനീസ് സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഏകദേശം 284,663 മാലദ്വീപ് പൗരന്മാരാണ് വോട്ടവകാശമുള്ളവര്‍. ഇതില്‍ 207,693 പേര്‍ വോട്ട് രേഖപ്പെടുത്തിയന്നാണ് പുറത്തു വരുന്ന കണക്കുകള്‍. ആറ് പ്രധാന രാഷ്ടിയ പാര്‍ട്ടികളിലും സ്വതന്ത്ര പാര്‍ട്ടികളിലുമായി 93 സീറ്റുകളിലേക്ക് 368 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.