1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2024

സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ വിവാദങ്ങൾക്കാണ് ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ വഴിവച്ചിരിക്കുന്നത്. ബോണ്ടുവാങ്ങിയതിൽ മുൻപന്തിയിലുള്ള ആദ്യ അഞ്ചു കമ്പനികളിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി, ആദായനികുതി വകുപ്പ് അന്വേഷണ നടപടികൾ നേരിടുമ്പോഴാണ്.

ലോട്ടറി കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ്, ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ മേഘ എഞ്ചിനീയറിംഗ്, ഖനന ഭീമന്മാരായ വേദാന്ത ലിമിറ്റഡ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന കമ്പനികൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇലക്ടറൽ ബോണ്ടുകൾ കൂടുതൽ വാങ്ങിയത് സാൻ്റിയാഗോ മാർട്ടിൻ നടത്തുന്ന ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡാണ്. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ കമ്പനി വാങ്ങിയത് 1,300 കോടി രൂപയുടെ ബോണ്ടുകളാണ്.

ഫ്യൂച്ചർ ഗെയിമിംഗിനെതിരെ ഇഡി 2019 തുടക്കത്തിൽ തന്നെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഈ വർഷം ജൂലൈ ആയപ്പോഴേക്കും കമ്പനിയുടെ 250 കോടിയിലധികം മൂല്യം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. 2022 ഏപ്രിൽ 2ന് കേസുമായി ബന്ധപ്പെട്ട് 409.92 കോടി രൂപയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടി.

ഈ സ്വത്തുക്കൾ കണ്ടുകെട്ടിയതിന് 5 ദിവസം ശേഷം, ഏപ്രിൽ 7നാണ് ഫ്യൂച്ചർ ഗെയിമിംഗ് 100 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയത്. സാൻ്റിയാഗോ മാർട്ടിനും അദ്ദേഹത്തിൻ്റെ കമ്പനിയായ എം/എസ് ഫ്യൂച്ചർ ഗെയിമിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനും (ഇപ്പോൾ എം/എസ് ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ്) എതിരെ പിഎംഎൽഎ വകുപ്പുകൾ പ്രകാരം ഇഡി അന്വേഷണം ആരംഭിച്ചു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്റ അടിസ്ഥാനത്തിലാണ് അന്വേഷണം.

1998-ലെ ലോട്ടറി നിയന്ത്രണ നിയമ വ്യവസ്ഥകൾ ലംഘിച്ചതിനും, സിക്കിം സർക്കാരിനെ വഞ്ചിച്ച് തെറ്റായ മാർഗ്ഗത്തിലൂടെ നേട്ടം ഉണ്ടാക്കിയതിലും, സാൻ്റിയാഗോ മാർട്ടിനും മറ്റ് പ്രതികളും ഗൂഢാലോചന നടത്തിയതായാണ് ഇഡി കണ്ടെത്തിയത്. “01.04.2009 മുതൽ 31.08.2010 വരെയുള്ള കാലയളവിലെ സമ്മാനാർഹമായ ടിക്കറ്റ് ക്ലെയിം വർദ്ധിപ്പിച്ചതിൻ്റെ പേരിൽ, 910.3 കോടി രൂപ മാർട്ടിനും കൂട്ടാളികളും അനധികൃതമായി സമ്പാദിച്ചതായാണ്,” 2019 ജൂലൈ 22ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഇഡി വ്യക്തമാക്കിയത്.

സാൻ്റിയാഗോ മാർട്ടിൻ്റെ ഫ്യൂച്ചർ ഗെയിമിങ് ആൻ്റ് ഹോട്ടൽസ് 1368 കോടിയുടം ബോണ്ട്, ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് – 1368 കോടി, മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് – 966 കോടി, ക്യുക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് – 410 കോടി, ഹാദിയ എനർജി ലിമിറ്റഡ് – 377 കോടി, വേദാന്ത ലിമിറ്റഡ് – 376 കോടി, എസ്സൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് – 225 കോടി, വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ – 220 കോടി, ഭാരതി എയർടെൽ- 198 കോടി, കെവൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ – 195 കോടി, എം കെ ജെ എൻറർപ്രൈസസ് ലിമിറ്റഡ്- 192 കോടി രൂപയുടെ ബോണ്ടു ഉപയോഗിച്ച് സംഭാവന നൽകിയെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രകാരം 12,769 കോടി രൂപയുടെ ബോണ്ടുകളാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ സ്വന്തമാക്കിയത്. ഇലക്ടറൽ ബോണ്ടുകളിൽ പകുതിയും ഭരണകക്ഷിയായ ബിജെപിയാണ് സ്വന്തമാക്കിയത്. ഇതോടെ ബോണ്ട് വിവാദം സർക്കാരിനെതിരെ തിരഞ്ഞെടുപ്പിനുള്ള ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.