1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2023

സ്വന്തം ലേഖകൻ: ഇന്ധനസെസിനും കുടിവെള്ളക്കര വർധനയ്ക്കും പിന്നാലെ, സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടുമെന്ന് ഉറപ്പായി. കഴിഞ്ഞ സാമ്പത്തികവർഷം വൈദ്യുതി ബോർഡിന് 736.27 കോടിരൂപ പ്രവർത്തനലാഭം ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം ഉപഭോക്താവിന് ലഭിക്കില്ല. പ്രവർത്തനലാഭമുണ്ടായിട്ടും വർഷങ്ങളായി കുമിഞ്ഞുകൂടിയ നഷ്ടം (സഞ്ചിതനഷ്ടം) 19,200.39 കോടിരൂപയിൽ എത്തിയതിനാലാണ് നിരക്കുകൂട്ടാൻ ബോർഡ് അപേക്ഷനൽകിയതെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചു.

കെ.എസ്.ഇ.ബി.ക്ക് പ്രവർത്തനലാഭമുണ്ടായത് വലിയ നേട്ടമായാണ് ബോർഡും സർക്കാരും ചിത്രീകരിച്ചിരുന്നത്. ഇതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനു കഴിയാത്ത സ്ഥിതിയാണെന്നാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്.

വർഷംതോറും നിരക്കു കൂട്ടാനായി ബോർഡ് നൽകിയ അപേക്ഷ റെഗുലേറ്ററി കമ്മ‌ിഷന്റെ പരിഗണനയിലാണ്. മാർച്ച് 30-ന് നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ കമ്മിഷൻ ജനാഭിപ്രായം കേട്ട് നടപടികളിലേക്ക് കടക്കും. വരുവർഷം യൂണിറ്റിന് 41 പൈസ കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെടുന്നത്. അതിന് അടുത്തവർഷം 31 പൈസയും. നിലവിലുള്ള നിരക്കിന്റെ സാധുത മാർച്ച് 31-ന് അവസാനിക്കും.

കഴിഞ്ഞവർഷം ജൂൺ 26-നാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. വർഷം 1010.94 കോടി രൂപ അധികവരുമാനമുണ്ടാക്കാനായി അന്ന് നിരക്ക് 6.58 ശതമാനംകൂട്ടി. എന്നാൽ, ജൂൺ അവസാനംമാത്രം പ്രാബല്യത്തിൽ വന്നതിനാൽ ഈ വർഷം 760 കോടിരൂപയെ അധികവരുമാനം കിട്ടൂവെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ. ഫെബ്രുവരി മുതൽ ഇന്ധനസർച്ചാർജായി യൂണിറ്റിന് ഒന്പതുപൈസ ബോർഡ് അധികമായി ഈടാക്കുന്നുണ്ട്. മേയ് 31-വരെ ഇൗടാക്കാനാണ് റെഗുേലറ്ററി കമ്മിഷൻ അനുമതി നൽകിയത്.

ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ പെൻഷൻ മാസ്റ്റർ ട്രസ്റ്റ് കെ.എസ്.ഇ.ബി. രൂപവത്കരിച്ചിരുന്നു. ആ ബാധ്യതകൂടി കണക്കിലെടുത്താണ് നിരക്കു വർധനയ്ക്കിടയാക്കുന്ന ഇത്രയും വലിയ സഞ്ചിതനഷ്ടം കെ.എസ്.ഇ.ബി. കാണിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികാരണം ട്രസ്റ്റിലേക്കുള്ള പണം പലവർഷങ്ങളിലും കെ.എസ്.ഇ.ബി. വകമാറ്റിയിരുന്നു.

വർഷങ്ങളായി കുമിഞ്ഞുകൂടിയ പൊതുനഷ്ടമായ 5304.37 കോടിയും പെൻഷൻ ട്രസ്റ്റിന്റെ ബാധ്യതയായ 13896.02 കോടിയും ചേരുമ്പോഴാണ് സഞ്ചിതനഷ്ടം 19,200.39 കോടി രൂപയാവുന്നത്. 2022 മാർച്ച് 31 വരെയുള്ള കണക്കാണിത്.

2020-’21 വരെ നിരക്കുവർധനയിലൂടെ നികത്താൻകഴിയാത്ത വരുമാനക്കമ്മി 7124 കോടി രൂപയായിരുന്നു. ഇതിന്റെ നിശ്ചിതശതമാനം വരുംവർഷങ്ങളിൽ നികത്താൻ റെഗുലേറ്ററി കമ്മിഷൻ കഴിഞ്ഞവർഷംതന്നെ അംഗീകാരം നൽകുകയുണ്ടായി. ഇതും നിരക്കുവർധനയ്ക്ക് കാരണമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.