1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2024

സ്വന്തം ലേഖകൻ: ഖത്തറിൽ ഇലക്ട്രോണിക് പേയ്‌മെൻറ് സൗകര്യമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം സേവനങ്ങൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക അടച്ചിടൽ അടക്കമുള്ള നടപടികളുണ്ടാകും.

പ്രത്യേക ചാർജ് ഈടാക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേയ്‌മെന്റിനുള്ള സൗകര്യം ഒരുക്കണം.ബാങ്ക് കാർഡ്, ബാങ്ക് പേയ്‌മെൻറ് വാലറ്റ്, ക്യൂ ആർ കോഡ് സ്‌കാനിങ് എന്നീ സംവിധാനങ്ങളിൽ ഏതെങ്കിലും ഒന്ന് നിർബന്ധമാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 14 ദിവസത്തേക്ക് വരെ സ്ഥാപനം അടച്ചിടുമെന്ന് ഖത്തർ വാണിജ്യ – വ്യവസായ മന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകി.

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ‘കുറഞ്ഞ കാശ് കൂടുതൽ സുരക്ഷ’ എന്നതാണ് മന്ത്രാലയത്തിന്റെ നിലപാട്. 2022ലെ വാണിജ്യമന്ത്രാലയം നിയമഭേദഗതി പ്രകാരം വാണിജ്യ, വ്യവസായ, പൊതു ഔട്ട്‌ലെറ്റുകളിലെല്ലാം ഇ-പേയ്‌മെൻറ് സൗകര്യം ഒരുക്കണമെന്നാണ് നിയമം.

ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, ഇൻറർനെറ്റ് ബാങ്കിങ്, മൊബൈൽ വാലറ്റ്, ഡിജിറ്റൽ പേയ്‌മെൻറ് ആപ്, ബാങ്ക് പ്രീപെയ്ഡ് കാർഡ്, മൊബൈൽ ബാങ്കിങ് തുടങ്ങിയവും ഇതിന്റെ ഭാഗമാണ്. രാജ്യത്ത് പി.ഒ.എസ് ഇടപാടുകൾ വർധിച്ചതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഖത്തർ സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പ്രതിവർഷം 18.4 ശതമാനം വർധനവും മാസാടിസ്ഥാനത്തിൽ 43.5 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.