1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2021

സ്വന്തം ലേഖകൻ: ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പിന്റെ പകർപ്പ് അവതരിപ്പിച്ച് ലോകത്തെ ചൈന ഞെട്ടിച്ചിരിക്കുകയാണ്. രൂപത്തിലും ഭാവത്തിലും പുതുതലമുറ റോക്കറ്റായ സ്റ്റാര്‍ഷിപ്പിനെ അനുകരിക്കുന്നതാണ് ചൈനയുടെ പുതിയ റോക്കറ്റ്. ചൈനയുടെ ആറാമത് ദേശീയ ബഹിരാകാശ ദിനത്തോട് അനുബന്ധിച്ച് കിഴക്കന്‍ നഗരമായ നാന്‍ജിങില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കിടെ പുറത്തുവിട്ട അനിമേഷന്‍ വിഡിയോയിലാണ് വിവാദ റോക്കറ്റിനെ അവതരിപ്പിച്ചത്.

ഇത് പിന്നീട് ചൈനീസ് സമൂഹ മാധ്യമ വെബ്‌സൈറ്റായ വെയ്‌ബോയില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അമേരിക്കന്‍ കമ്പനിയായ സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത സ്റ്റാര്‍ഷിപ്പിന്റെ കോണാകൃതിയിലുള്ള ചിറകുകളില്‍ തുടങ്ങുന്നു ചൈനയുടെ റോക്കറ്റിന്റെ സാമ്യം. ഭൂമിയിലെ വിദൂര നഗരങ്ങളെ തമ്മില്‍ അതിവേഗം ബന്ധിപ്പിക്കുകയെന്ന സ്റ്റാര്‍ഷിപ്പിന്റെ അതേ ലക്ഷ്യമാണ് ചൈനീസ് റോക്കറ്റും വിഡിയോയിലൂടെ കാണിക്കുന്നത്.

ചൈനീസ് സര്‍ക്കാറിന് കീഴിലുള്ള റോക്കറ്റ് നിര്‍മാണ കമ്പനിയായ ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജിയാണ് (സിഎഎല്‍ടി) ഈ റോക്കറ്റ് നിര്‍മിക്കുക. ഇപ്പോള്‍ ആശയമായിട്ടാണ് സിഎഎല്‍ടി ഇത് അവതരിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുൻപ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സ്‌പേസ്എക്‌സ് 2017ല്‍ അവതരിപ്പിച്ച സ്റ്റാര്‍ഷിപ്പിന്റെ അനിമേഷനോട് പോലും ഇതിന് സാമ്യതയുണ്ട്.

സ്റ്റാര്‍ഷിപ്പ് പോലെ തന്നെ ഈ ചൈനീസ് റോക്കറ്റിനും കുത്തനെ പറന്നുയരാനും ഇറങ്ങാനും സാധിക്കും. ആവശ്യമെങ്കില്‍ ഭൂമിക്ക് പുറത്തേക്ക് പോകാന്‍ ശേഷിയുള്ള ഈ റോക്കറ്റ് വഴി ഭൂമിയിലെ തന്നെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അപ്പുറത്തെ ലക്ഷ്യസ്ഥാനത്തേക്ക് റോക്കറ്റ് വേഗത്തില്‍ എത്താനുമാകും. ഇത്തരം യാത്രകള്‍ സ്റ്റാര്‍ഷിപ്പിന്റേതു പോലെ ചൈനീസ് റോക്കറ്റും കുതിച്ചുയര്‍ന്ന് യാത്രക്കാരെ ബഹിരാകാശത്തെ ഭാരമില്ലായ്മ വരെ അനുഭവിപ്പിച്ച ശേഷമാകും ലക്ഷ്യത്തിലേക്കെത്തിക്കുക.

2045 ഓടെ സ്‌പേസ്ഷിപ്പ് യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് ചൈനീസ് അധികൃതരുടെ പ്രതീക്ഷ. മറുപക്ഷത്ത് അമേരിക്കയുടെ സ്‌പേസ്എക്‌സ് ഇതിനകം തന്നെ സ്റ്റാര്‍ഷിപ്പ് പുറത്തിറക്കി കഴിഞ്ഞു. നിരവധി പരീക്ഷണപറക്കലുകളും സ്റ്റാര്‍ഷിപ്പ് നടത്തി. അവസാനത്തെ നാല് പറക്കലുകളും പൊട്ടിത്തെറിയിലാണ് അവസാനിച്ചതെങ്കിലും ഈ പരീക്ഷണങ്ങളില്‍ വിലപ്പെട്ട നിരവധി വിവരങ്ങള്‍ ശേഖരിക്കാനായെന്നാണ് സ്‌പേസ് എക്‌സിന്റെ വിശദീകരണം.

മാത്രമല്ല പിന്നീടുള്ള രണ്ട് പരീക്ഷണങ്ങൾ വിജയിക്കുകയും ചെയ്തു. മൂന്ന് വര്‍ഷത്തിനകം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനാണ് സ്‌പേസ് എക്‌സിന്റെ ശ്രമം. 2030കള്‍ ആകുമ്പോഴേക്കും ഭൂമിയിലെ സഞ്ചാരത്തിനും ഈ റോക്കറ്റുകള്‍ ഉപയോഗിക്കാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. എന്തായാലും ചൈനയുടെ കോപ്പിയടിയ്ക്കെതിരെ മസ്ക് എന്തു നീക്കമാണ് നടത്തുക എന്ന ആകാംക്ഷയിലാണ് ടെക് ലോകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.