1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2021

സ്വന്തം ലേഖകൻ: പരമ്പരാഗത രീതിയിലുള്ള ഒരു ദൈവവിശ്വാസിയല്ല താനെങ്കിലും ഇതെല്ലാം എവിടെനിന്നു വന്നുവെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് അദ്ഭുതപ്പെടാറുണ്ടെന്ന് ടെസ്‌ല കമ്പനിയുടെ മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ക്രെംലിന്റെ വക്താവ് ഡിമിട്രി പെസ്‌കോവിന്റെ ക്ഷണം സ്വീകരിച്ച് ‘പുതിയ അറിവ്’ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മസ്‌ക്. റഷ്യന്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് 40 മിനിറ്റോളം സമയം വിവിധ വിഷയങ്ങളെക്കുറിച്ച് മസ്‌ക് സംസാരിച്ചു.

ശാസ്ത്ര ശിക്ഷണത്തില്‍ വളര്‍ന്ന ഒരാളെന്ന നിലയിലാണ് തനിക്ക് പരമ്പരാഗത മതവിശ്വാസമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇക്കാണുന്നതെല്ലാം എവിടെനിന്നു വന്നുവെന്ന കാര്യത്തില്‍ താന്‍ അദ്ഭുതപ്പെടാറുമുണ്ട്. എന്താണ് ജീവിതത്തിന്റെ അര്‍ഥം? നമ്മള്‍ എങ്ങനെയാണ് ഇവിടംവരെ എത്തിയത്? തുടങ്ങി ചോദ്യങ്ങൾ ഉയർന്നുവരാറുണ്ട്. തത്വചിന്ത, മനസ്സിന്റെ ചക്രവാളം കൂടുതല്‍ വികസിപ്പിച്ചിരുന്നെങ്കില്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള ശരിക്കുള്ള ചോദ്യങ്ങള്‍ നമുക്കു ചോദിക്കാനാകുമായിരുന്നു എന്നും മസ്ക് അഭിപ്രായപ്പെട്ടു.

ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബഹിരാകാശ സഞ്ചാരം, ന്യൂറോ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സുകള്‍, സിന്തെറ്റിക് ആര്‍എന്‍എയും ഡിഎന്‍എയും, 50 വര്‍ഷത്തിനു ശേഷം ഭൂമിയിലെ ജീവിതം എങ്ങനെയായിരിക്കും തുടങ്ങി വിവിധ കാര്യങ്ങളെക്കുറിച്ചാണ് മസ്‌ക് സംസാരിച്ചത്.

താന്‍ മാനവരാശിയുടെ ഭാവിയെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചും മസ്ക് കുട്ടികള്‍ക്കു വിശദീകരണം നല്‍കി. ചന്ദ്രനില്‍ ഒരു താവളം തീര്‍ത്ത ശേഷം ചൊവ്വയില്‍ ഒരു നഗരം നിര്‍മിക്കുക എന്ന സ്വപ്‌നം അദ്ദേഹം പങ്കുവച്ചു. അതേസമയം, അന്യഗ്രഹങ്ങളില്‍ ജീവനുണ്ടാകാനുളള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

50 വര്‍ഷത്തിനു ശേഷം ജീവിതം എങ്ങനെയായിരിക്കുമെന്ന കാര്യം പ്രവചിക്കുക എളുപ്പമല്ലെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു. അതേസമയം, നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു ഭാവിയേ ആയിരിക്കില്ല 50 വര്‍ഷത്തിനു ശേഷം ഭൂമിയിൽ ഉണ്ടാകുക എന്ന കാര്യം ഉറപ്പിച്ചു പറയാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ രീതിയിലുള്ള സാങ്കേതികവിദ്യയോ, എഐയോ ഒന്നുമായിരിക്കില്ല അന്ന്. ബഹിരാകാശ ഗമനം, ന്യൂറോകംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സസ്, സിന്തെറ്റിക് ആര്‍എന്‍എയും ഡിഎന്‍എയും തുടങ്ങിയവയില്‍ വരാന്‍പോകുന്ന മാറ്റങ്ങളായിരിക്കും ഏറ്റവും പ്രധാനപ്പെട്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗരയൂഥത്തിനു വെളിയിലേക്കുള്ള മനുഷ്യരാശിയുടെ യാത്രയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതിനായി പ്രകാശ വേഗത്തിന്റെ 10, 20 ശതമാനം വേഗമെങ്കിലുമുള്ള ആന്റിമാറ്റര്‍ (antimatter) ഷിപ്പുകള്‍ നിര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സൗരയൂഥത്തിനു വെളിയിലേക്കു പറക്കുന്നതിനു മുൻപ് ചന്ദ്രനിലും, ചൊവ്വയിലും സ്വയം നിലനില്‍ക്കാന്‍ സാധ്യമാകുന്ന തരത്തിലുള്ള അടിത്തറയിടണം. ഇതായിരിക്കും അടുത്ത നിര്‍ണായക ചുവടുവയ്പ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനുഷ്യര്‍ പല ഗ്രഹ സംസ്‌കാരമുള്ളവരാകേണ്ടതിന്റെ ആവശ്യകത കാണാം. താന്‍ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളവനാണ്. പക്ഷേ, ചരിത്രം നല്‍കുന്ന പാഠം പറയുന്നത് സംസ്‌കാരങ്ങള്‍ നിരന്തരം ഉയര്‍ന്നുക്കൊണ്ടിരിക്കില്ല എന്നാണ്. അവ ഉയരും. ഒരു തലത്തിലെത്തിയാൽ വീണ്ടും താഴും. ഒരു സമയത്ത് നമ്മളും താഴ്ച അനുഭവിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. അതു സംഭവിക്കുന്നതിനു മുൻപ് നമുക്ക് പല ഗ്രഹങ്ങളില്‍ ജീവന്‍ എത്തിക്കണം. ഭൂമിയുടെ 450 കോടി വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ് അത്തരം ഒരു സാധ്യത വന്നിരിക്കുന്നത്. അത് സാധ്യമായിരിക്കുന്ന സമയത്തു തന്നെ നടപ്പിലാക്കണമെന്നും മസ്ക് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.