1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2022

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഈലോൺ മസ്‌ക്. ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സി.ഇ.ഒ ആയ മസ്‌കിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7.2 കോടി പേർ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ട്. വിവിധ വിഷയങ്ങളിൽ പലരും മസ്‌കിന് മെസേജ് അയക്കാറുണ്ടെങ്കിലും ആർക്കും മറുപടി ലഭിക്കാറില്ല.

പക്ഷേ, 2021 നവംബർ 30ന് ഒരു ട്വിറ്റർ അക്കൗണ്ടിന് മസ്‌ക് നേരിൽ മെസേജ് അയച്ചു. ”ഈ അക്കൗണ്ട് നിർത്താമോ.? ഇത് ഒരു സുരക്ഷാ ഭീഷണിയാണ്.” — മസ്‌ക്കിന്റെ മേസേജ് പറയുന്നു. യു.എസിലെ സെൻട്രൽ ഫ്‌ളോറിഡ സർവ്വകലാശാലയിലെ ഐ.ടി വിദ്യാർഥിയായ 19കാരനായ ജാക്ക് സ്വീനിക്കാണ് ഈ മെസേജ് ലഭിച്ചത്.

രാവിലെ 12.13ന് ലഭിച്ച മെസേജിന് നേരം വെളുത്തപ്പോഴാണ് ജാക്ക് മറുപടി നൽകിയത്. ”ഞാൻ ചെയ്യാം അതിന് പക്ഷേ ഒരു മോഡൽ 3യുടെ (ടെസ്‌ലയുടെ കാർ) വില വരും.”– ജാക്കിന്റെ ഒരു മറുപടി പറയുന്നു.

ഈലോൺ മസ്‌ക്കിന്റെ സ്വകാര്യ വിമാനങ്ങളെ ട്രാക്ക് ചെയ്യുന്ന ഒരു ട്വിറ്റർ ബോട്ട് അക്കൗണ്ടിന്റെ ഉടമയാണ് ജാക്ക് സ്വീനി. @elonjets എന്ന ഈ അക്കൗണ്ട് നിലവിൽ 1.64 ലക്ഷം പേരാണ് ഫോളോ ചെയ്യുന്നത്. ജനുവരി 26ന് ഈലോൺ മസ്‌ക് ടെസ്‌ലയുടെ നിക്ഷേപകരുമായി ഓൺലൈനിൽ സംവദിച്ചിരുന്നു. ഈലോൺ മസ്‌കിന്റെ വിമാനം ടെക്‌സാസിൽ എത്തിയതിന്റെ വിവരങ്ങളാണ് ഈ ബോട്ട് അന്ന് ട്വിറ്ററിൽ പങ്ക് വെച്ചത്.

ജാക്ക് സ്വീനിയുടെ ട്വിറ്റർ ബോട്ട് നിസാരസംഗതിയല്ലെന്നാണ് ഈലോൺ മസ്‌ക് കരുതുന്നത്. ”ഏതെങ്കിലും വിഡ്ഡി വിമാനം വെടിവെച്ചിടാവുന്ന ഐഡിയ എനിക്കിഷ്ടമല്ല”– എന്നാണ് മസ്‌കിന്റെ മെസേജ് പറയുന്നത്. തന്റെയും കുടുംബത്തിന്റെയും വിമാനയാത്രാ വിവരങ്ങൾ പരസ്യമാവുന്നതിന് എതിരെ നേരത്തെയും മസ്‌ക് രംഗത്ത് വന്നിരുന്നു.

മസ്‌കിന്റെയും ജാക്കിന്റെയും സംഭാഷണം രസകരമായ ഒരു ബിസിനസ് ഡീലിലേക്കും വഴിവെച്ചു. ട്വിറ്റർ ബോട്ടിനെ ഡിലീറ്റ് ചെയ്താൽ 5000 ഡോളർ (3.75 ലക്ഷം രൂപ) നൽകാമെന്നാണ് മസ്‌ക് വാഗ്ദാനം ചെയ്തത്. പ്രതിമാസം 20 ഡോളർ മാത്രമാണ് ബോട്ടിൽ നിന്ന് വരുമാനമായി ലഭിക്കുന്നതെന്ന് ജാക്ക് മസ്‌കിനെ അറിയിച്ചു.

”50000 ഡോളർ ലഭിക്കാൻ സാധ്യതയുണ്ടോ?. അത് എന്റെ കോളേജ് പഠനത്തെ സഹായിക്കും. കൂടാതെ ഒരു കാർ വാങ്ങാനും സഹായിക്കും, ചിലപ്പോൾ ടെസ്‌ലയുടെ മോഡൽ3 തന്നെ വാങ്ങാൻ കഴിയും.” — ജാക്കിന്റെ മെസേജ് പറയുന്നു. പിന്നീട് മസ്‌കിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

ജനുവരി 26നാണ് ജാക്ക് മസ്‌കിന് അവസാനമായി മെസേജ് അയച്ചത്. ”നിങ്ങളുടെ കാഴ്ച്ചപാട് എനിക്ക് മനസിലാവുന്നുണ്ട്. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഞാൻ ബോട്ട് നിർമിക്കുന്നു. ഒരുപാട് പരിശ്രമിച്ചാണ് ബോട്ടുകളെ നിർമിക്കുന്നത്. പണത്തിന് പകരം ടെസ്‌ലയിൽ ഇന്റേൺഷിപ്പ് നൽകിയാലും മതിയാവും.”–അവസാന മെസേജ് പറയുന്നു.

പണം നൽകുന്നതിന് പകരം ജാക്കിന്റെ ട്രാക്കിങ് രീതി പൊളിക്കാൻ മസ്‌ക് പലശ്രമങ്ങളും നടത്തിയതായാണ് ഡെയ്‌ലി മെയിലിലെ റിപ്പോർട്ട് പറയുന്നത്. ജനുവരി 26ന് ടെക്‌സാസിൽ എത്തിയ മസ്‌കിന്റെ വിമാനം വൈകീട്ട് ലോസ് ആഞ്ചലീസിലാണ് പ്രത്യക്ഷപ്പെട്ടത്. ‘ബ്ലോക്കിങ് പ്രോഗ്രാം’ ഉപയോഗിച്ച് ട്രാക്കിങ് തടസപ്പെടുത്താൻ മസ്‌ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണ് ജാക്ക് അവകാശപ്പെടുന്നത്.

ലോകത്തെ അതിസമ്പന്നരുടെ വിമാനങ്ങളെ ട്രാക്ക് ചെയ്യാൻ സമാനമായ മറ്റു പതിനഞ്ച് ബോട്ടുകളും ജാക്ക് നിർമിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരെയും ജാക്ക് ട്രാക്ക് ചെയ്യുന്നുണ്ട്. ജാക്ക് സ്വീനിയുടെ ട്വിറ്റർ അക്കൗണ്ട് നിയമവിരുദ്ധമല്ലെന്നാണ് വിദഗ്ധ പറയുന്നത്.

യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പരസ്യമാക്കുന്ന വിമാനങ്ങളുടെ വിവരങ്ങൾ ക്രോഡീകരിച്ചാണ് ബോട്ട് പോസ്റ്റ് ചെയ്യുന്നത്. വിമാനത്തെ മാത്രമാണ് ട്രാക്ക് ചെയ്യുന്നതെന്നും അതിനുള്ളിൽ ആരൊക്കെയാണ് ഉള്ളതെന്ന് നോക്കാറില്ലെന്നും ബോട്ട് പിന്നീട് വിശദീകരിച്ചു. വ്യോമയാന മേഖലയിൽ ജോലിയെടുക്കുന്ന പിതാവിൽ നിന്നാണ് വ്യോമയാന മേഖലയിലെ പലകാര്യങ്ങളും ജാക്ക് മനസിലാക്കിയത്. ഇതും കോഡിങ്ങും ചേർന്നതോടെ അത്ഭുതകരമായ ഒരു ബോട്ടാണ് രൂപപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.