
സ്വന്തം ലേഖകൻ: ബഹിരാകാശ ടൂറിസ്റ്റുകളെയും കൊണ്ടുള്ള ആദ്യവാഹനം– ഇലോൺ മസ്കിന്റെ റോക്കറ്റ്– അടുത്ത വർഷം ആദ്യം കുതിച്ചുയരും. മനുഷ്യരെ ബഹിരാകാശ ഉല്ലാസയാത്രയ്ക്കു കൊണ്ടുപോയി തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇലോൺ മസ്ക് തുടങ്ങിയ സ്പേസ് എക്സ് കമ്പനിയുടെ സ്വപ്ന സാക്ഷാത്കാരമായിരിക്കും 2022 ആദ്യത്തെ യാത്ര.
മസ്കിന്റെ കമ്പനി നിർമിച്ച റോക്കറ്റ് 2020ൽ നാസയുടെ ബഹിരാകാശ യാത്രികരെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇറക്കി, തിരിച്ച് ഭൂമിയിലെത്തിയിരുന്നു. ചൊവ്വാ ഗ്രഹത്തിൽ കോളനി സ്ഥാപിച്ച് മനുഷ്യരെ അവിടെ കൊണ്ടുപോയി താമസിപ്പിക്കുക എന്നതാണ് ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതി.
ഇതിന്റെ ആദ്യപടിയാണ് ബഹിരാകാശ യാത്രികരല്ലാത്ത, സാധാരണ മനുഷ്യനെ ബഹിരാകാശ ടൂറിനു കൊണ്ടുപോയി മടക്കിക്കൊണ്ടുവരിക എന്നത്. തീയതി കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും യാത്രക്കാരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം സ്പേസ് എക്സ് പുറത്തുവിട്ടു.
അമേരിക്കൻ റിയൽ എസ്റ്റ്റ്റേറ്റ് സംരംഭകൻ ലാറി കോണർ, കനേഡിയൻ സംരംഭകനും ജീവകാരുണ്യപ്രവർത്തകനുമായ മാർക്ക് പതി, ഇസ്രയേലിൽ നിന്നുള്ള മുൻ യുദ്ധവിമാന പൈലറ്റ് ഇറ്റാൻ സ്റ്റിബ് എന്നിവരാണ് അടുത്ത വർഷം ബഹിരാകാശ ടൂറിനു പോകുന്നത്. ഇവർക്കൊപ്പം, പേടകം നിയന്ത്രിച്ചുകൊണ്ട്, പരിചയ സമ്പന്നനായ ഒരു ബഹിരാകാശ സഞ്ചാരിയും ഉണ്ടാവും.
ലാറി കോണറിന്റെ യാത്ര അടുത്തവർഷം നടന്നാൽ, ബഹിരാകാശ സഞ്ചാരം നടത്തുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ആളാകും 71 വയസ്സുകാരനായ അദ്ദേഹം. 77 വയസ്സുള്ള ജോൺ ഗ്ലെൻ, നേരത്തേ യുഎസ് സ്പേസ് ഷട്ടിലായ ഡിസ്കവറിയിൽ യാത്ര ചെയ്തിട്ടുണ്ട്. ഏകദേശം 400 കോടി രൂപയാണ് ഒരാൾക്ക് ചെലവാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല