1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2022

സ്വന്തം ലേഖകൻ: ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം വന്‍ മാറ്റങ്ങളാണ് ട്വിറ്ററില്‍ വരുത്തുന്നത്. പുതിയ മേധാവിയുടെ കീഴില്‍ ജീവനക്കാര്‍ക്ക് മികച്ച അനുഭവമല്ല നേരിടേണ്ടി വരുന്നത്. പുതിയ വര്‍ക്ക് കള്‍ച്ചറും പിരിച്ചുവിടലും ഒക്കെയായി ജീവനക്കാര്‍ സമ്മര്‍ദത്തലാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിരവധി ജീവനക്കാരാണ് സ്വമേധയാ കമ്പനിയില്‍ നിന്നും പിരിഞ്ഞുപോയത്.

ഇപ്പോഴിതാ ട്വിറ്ററിനെതിരെ പരാതിയുമായി ജീവനക്കാര്‍ തന്നെ എത്തിയിരിക്കുകയാണ്. മസ്‌കിന്റെ നയങ്ങളില്‍ ജീവനക്കാര്‍ തൃപ്തരല്ലെന്നാണ് വിവരങ്ങള്‍. മസ്‌കിന്റെ ട്വിറ്ററില്‍ നിന്നും മാറി നില്‍ക്കൂ എന്ന ഉപദേശമാണ് പുതിയ ആളുകള്‍ക്ക് ജീവനക്കാര്‍ നല്‍കുന്നത്. ‘ബ്ലൈന്റ് ആപ്പി’ലൂടെയാണ് ജീവനക്കാര്‍ ട്വിറ്റര്‍ 2.0 യെപ്പറ്റിയുള്ള അജ്ഞാത സന്ദേശങ്ങള്‍ അയക്കുന്നത്.

ജീവനക്കാര്‍ ട്വിറ്ററിന് റേറ്റിങ് കുറച്ച് നല്‍കുന്നുമുണ്ട്. മുന്‍പ് ട്വിറ്ററില്‍ ജോലി ചെയ്യാന്‍ മികച്ച ഇടമായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയല്ലെന്നും ജീവനക്കാര്‍ ‘ബ്ലൈന്റ് ആപ്പി’ല്‍ കുറിച്ചു. നേരത്തെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ഇലോണ്‍ മസ്‌ക് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് കമ്പനിയില്‍ കൂട്ടരാജികളുണ്ടായത്.

‘കഠിനാധ്വാനം ചെയ്യുക അല്ലെങ്കില്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ നിന്ന് പിരിഞ്ഞ് പോവുക’ എന്നതായിരുന്നു മസ്‌കിന്റെ ആഹ്വാനം. മൂന്ന് മാസത്തെ വേര്‍പിരിയല്‍ വേതനത്തോടെ രാജിവെച്ച് പുറത്തുപോകാം എന്നായിരുന്നു മസ്‌ക് തൊഴിലാളികളോട് പറഞ്ഞത്. രാജിവയ്ക്കാതെ തുടര്‍ന്നവരില്‍ നിന്നുമാണ് ഇപ്പോള്‍ പരാതി ഉയരുന്നത്.

ട്വിറ്റര്‍ 2.0- എവരിതിങ് ആപ്പ്’ എന്ന പ്രഖ്യാപനത്തോടെയാണ് ആപ്പിന്റെ പുതിയ ലുക്ക് ഇലോണ്‍ മസ്‌ക് നേരത്തെ അവതരിപ്പിച്ചത്. ട്വിറ്റര്‍ 2.0 വീഡിയോയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മസ്‌ക് അറിയിച്ചിരുന്നു. ഇപ്പോഴിതാ ട്വിറ്ററിലെ ക്യാരക്ടറുകളുടെ പരിധി ഉയര്‍ത്താന്‍ മസ്‌ക് തയാറെടുക്കുന്നുവെന്നും വിവരങ്ങളുണ്ട്. 280 ക്യാരക്ടറുകളാണ് നിലവില്‍ ട്വീറ്റില്‍ ഉപയോഗിക്കാനാവുക. മുന്‍പിത് 140 ആയിരുന്നു. ഇത് 4000 ആയി ഉയര്‍ത്താന്‍ മസ്‌ക് ഒരുങ്ങുന്നുവെന്നാണ് സൂചനകള്‍.

ക്യാരക്ടറിന്റെ പരിധി 280 ല്‍ നിന്നും 4000 ആയി ഉയര്‍ത്തുമോ എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് ‘അതെ’ എന്ന് മസ്‌ക് മറുപടി നല്‍കുകയായിരുന്നു. എന്നാല്‍ ഇങ്ങനെ ചെയ്യരുതെന്ന് നിരവധിയാളുകള്‍ അഭിപ്രായപ്പെട്ടു. ട്വീറ്റ് എപ്പോഴും ചെറുതായിരിക്കും നല്ലതെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം, ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും എത്തുകയാണ്. ഒട്ടേറെ പുതിയ ഫീച്ചറുകളോടെയാണ് ‘ട്വിറ്റര്‍ ബ്ലൂ’ എത്തുന്നത്. ‘ട്വിറ്റര്‍ ബ്ലൂ’ സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് ബ്ലൂ ടിക്കിന് പുറമെ ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള അവസരം ലഭിക്കും. കൂടാതെ 1080 പിക്‌സല്‍ വീഡിയോ പോസ്റ്റ് ചെയ്യാനും സബ്സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് സാധിക്കും. ഇതിന് പുറമെ വേറെയും പ്രീമിയം ഫീച്ചറുകള്‍ ട്വിറ്റര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

‘ട്വിറ്റര്‍ ബ്ലൂ’ വീണ്ടുമെത്തുമ്പോള്‍ നിരക്കിലും മാറ്റമുണ്ട്. പ്രതിമാസം എട്ട് ഡോളര്‍ വെബ് യൂസേര്‍സ് നല്‍കേണ്ടി വരുമ്പോള്‍ ഐ.ഒ.എസ് ഉപഭോക്താക്കള്‍ നല്‍കേണ്ടത് 11 ഡോളറാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള നിരക്ക് കുറവായിരിക്കുമെന്നും വിവരങ്ങളുണ്ട്.

സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നവരുടെ അക്കൗണ്ട് കൃത്യമായി വെരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് വിധേയമാക്കും. ഐ.ഡി പ്രൂഫ് ഉള്‍പ്പടെ ഇതിനായി നല്‍കേണ്ടി വരുമെന്നും വിവരങ്ങളുണ്ട്. നിലവില്‍ ബ്ലൂ ടിക്ക് ഉള്ളവരും അത് നിലനിര്‍ത്താനായി സബ്സ്‌ക്രിപ്ഷന്‍ എടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ പണം നല്‍കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ എന്ന രീതി ദുരുപയോഗം ചെയ്യപ്പെടുമെന്ന് പല പ്രമുഖരും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ഗൗനിക്കാതെയായിരുന്നു മസ്‌ക് മുന്നോട്ട് പോയത്. ഒടുവില്‍ വെരിഫൈഡ് വ്യാജ അക്കൗണ്ടുകള്‍ പെരുകിയതോടെയാണ് വെരിഫിക്കേഷന്‍ പ്രക്രിയ താത്കാലികമായി ട്വിറ്റര്‍ നിര്‍ത്തിവെച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.