സ്വന്തം ലേഖകൻ: ഇസ്രയേലില്‍ ഇറാന്‍റെ മിസൈല്‍ അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഷെല്‍റ്ററുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്നുമാണ് നിര്‍ദ്ദേശം. സുരക്ഷിതമായി ബങ്കറുകളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് ഇസ്രയേലും നിര്‍ദ്ദേശം നല്‍കിയിരുന്നു.
ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി പങ്കുവെച്ച എമെര്‍ജന്‍സി നമ്പറുകള്‍ +972-547520711, +972-543278392
ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു.
ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സുമായി ചേര്‍ന്ന് മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചു.
ഇറാനില്‍നിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ടെല്‍ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല