1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2021

സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ഇന്‍റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) നടപ്പിലാക്കുന്ന ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനം എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ദുബായില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളില്‍ ഏപ്രിലില്‍ ആരംഭിച്ച ട്രയല്‍ ഉപയോഗം വിജയകരമായതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജൂണ്‍ മാസത്തോടെ 12 റൂട്ടുകളിലേക്ക് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനം എമിറേറ്റ്‌സ് വ്യാപിപ്പിച്ചിരുന്നു.

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്‍റെ 50 റൂട്ടുകളിലേക്ക് താമസിയാതെ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്ത മാസത്തോടെ 120ലേറെ വരുന്ന എല്ലാ കേന്ദ്രങ്ങളിലേക്കും ഇത് നടപ്പിലാക്കും. അയാട്ട ട്രാവല്‍ പാസ്സ് വഴി 1500 കോവിഡ് ടെസ്റ്റ് ലാബുകളിലേക്ക് യാത്രക്കാര്‍ക്ക് പ്രവേശനം ലഭിക്കും.

യൂറോപ്യന്‍ യൂനിയനിലെയും ബ്രിട്ടനിലെയും യാത്രക്കാര്‍ക്ക് അവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമുണ്ട്. മറ്റ് വിവിധ യാത്രാ രേഖകള്‍ ആപ്പുമായി ബന്ധിപ്പിക്കാനും അവ അപ് ലോഡ് ചെയ്യാനും ഉടന്‍ അവസരമൊരുങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അയാട്ട ട്രാവല്‍ പാസ് പോലുള്ള സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതു വഴി യാത്ര എളുപ്പമാക്കാനും കടലാസ് രേഖകള്‍ ഒഴിവാക്കാനും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുകയാണ് എമിറേറ്റ്‌സ് ചെയ്യുന്നതെന്ന് സിഇഒ ആദില്‍ അല്‍ രിദ പറഞ്ഞു. വിമാനത്താവളങ്ങളില്‍ വച്ചുള്ള രേഖകളുടെ പരിശോധന എളുപ്പത്തിലാക്കാനും ഇതിലൂടെ സാധിക്കും.

ഡിജിറ്റല്‍ ട്രാവല്‍ പാസ് നടപ്പിലാക്കുന്ന കാര്യത്തില്‍ തുടക്കം മുതല്‍ അയാട്ടയുടെ കൂടെ നില്‍ക്കാനും അത് എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കാന്‍ സാധിക്കുകയെന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാവല്‍ പാസ് സംരംഭത്തിലൂടെ യാത്രക്കാരുടെ ടെസ്റ്റും വാക്‌സിനേഷനും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനുള്ളതാണ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട്. ഇതുവഴി, വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ വിവരങ്ങള്‍, കോവിഡ് പരിശോധനാ നിബന്ധനകള്‍, വാക്‌സിനേഷന്‍ നിബന്ധനകള്‍ എന്നിവ കൃത്യമായി അറിയാന്‍ സാധിക്കും. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യത്ത് അംഗീകാരമുള്ള ടെസ്റ്റിംഗ് ലാബുകള്‍ കണ്ടെത്താനും ഇതിലൂടെ സാധിക്കും.

യാത്രാ രേഖകള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതാണ് ട്രാവല്‍ പാസ്സിന്‍റെ മറ്റൊരു സവിശേഷത. ലാബുകളില്‍ നിന്ന് ടെസ്റ്റ് റിസല്‍ട്ടുകളും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റലായി നേടാമെന്നതിനു പുറമെ, എയര്‍പോര്‍ട്ട് അധികൃതര്‍ക്കും എയര്‍ലൈന്‍ കമ്പനികള്‍ക്കും ഇവ കൈമാറാനും ആപ്പിലൂടെ സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.