1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2023

സ്വന്തം ലേഖകൻ: ദുബായില്‍നിന്ന് വെള്ളിയാഴ്ച രാവിലെ ന്യൂസീലന്‍ഡിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം 13 മണിക്കൂറിലേറെനേരം പറന്നശേഷം ദുബായില്‍തന്നെ തിരിച്ചിറങ്ങി. രാവിലെ 10.30 നാണ് ഇ.കെ 448 വിമാനം പറന്നുയര്‍ന്നത്. 9000 മൈല്‍ ദൂരം പിന്നിടേണ്ടവിമാനം പകുതിദൂരം എത്തിയപ്പോഴേക്കും തിരിച്ചുപറന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെ വിമാനം ദുബായില്‍തന്നെ തിരിച്ചെത്തിയെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടുചെയ്തു.

ഓക്‌ലന്‍ഡ്‌ വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വിമാനത്താവളം താത്കാലികമായി അടച്ചതോടെയാണ് എമിറേറ്റ്‌സ് വിമാനത്തിന് തിരിച്ചു പറക്കേണ്ടിവന്നത്. വെള്ളം കയറിയതുമൂലം രാജ്യാന്തര ടെര്‍മിനലിന് കേടുപാട് സംഭവിച്ചുവെന്നും യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് രാജ്യാന്തര വിമാന സര്‍വീസുകളൊന്നും തത്കാലം ഉണ്ടാകില്ലെന്നും ഓക്‌ലന്‍ഡ്‌ വിമാനത്താവള അധികൃതര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

നിരാശാജനകമാണ് സംഭവമെന്നും, എന്നാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുഖ്യപരിഗണന നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. വെള്ളം നിറഞ്ഞ വിമാനത്താവളത്തിന്റെ വീഡിയോ പലരും ട്വീറ്റ് ചെയ്തിരുന്നു. ജനുവരി 29 ന് രാവിലെ അഞ്ചുവരെ രാജ്യാന്തര വിമാനങ്ങളൊന്നും ഓക്‌ലന്‍ഡില്‍നിന്ന് പറന്നുയരില്ലെന്നും 29-ന് രാവിലെ ഏഴുവരെ വിമാനങ്ങളൊന്നും അവിടെ ഇറങ്ങില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഓക്‌ലന്‍ഡില്‍ അതിശക്തമായ മഴ പെയ്തതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിലടക്കം വെള്ളം കയറിയത്. ന്യൂസീലന്‍ഡിലെ ഏറ്റവും വലിയ നഗരമായ ഇവിടെ പ്രളയക്കെടുതികളില്‍ നാലുപേര്‍ മരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.