1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2020

സ്വന്തം ലേഖകൻ: ചൊവ്വാ പേടക വിക്ഷേപണം വൻവിജയമായതിനു പിന്നാലെ സ്വപ്ന പദ്ധതികളുമായി യുഎഇ മുന്നോട്ട്. കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന സാഹചര്യം ചൊവ്വാജീവിതത്തിന് അനിവാര്യമായതിനാൽ ആ വഴിക്കുള്ള ഗവേഷണങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ബഹിരാകാശത്ത് ഈന്തപ്പഴക്കുരു എത്തിച്ച് ‘ചൊവ്വാ നഗര’ കാർഷിക പദ്ധതിക്കുള്ള സുപ്രധാന ഗവേഷണത്തിന് തുടക്കമിട്ടിരുന്നു.

രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽ ഇവ 2 മാസം സൂക്ഷിച്ച ശേഷം തിരികെ കൊണ്ടുവന്നതായാണ് റിപ്പോർട്ട്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.ഇവ വളരുകയാണെങ്കിൽ വിപ്ലവകരമായ മറ്റൊരു ദൗത്യത്തിന്റെ ഒരുക്കങ്ങൾ വേഗത്തിലാകും. തട്ടുകൃഷിയുടെ സാധ്യതകളും പഠനത്തിന്റെ ഭാഗമാണ്.

ചൊവ്വയെ ലക്ഷ്യമിട്ട് വായു, മണ്ണ്, സസ്യങ്ങൾ, കാലാവസ്ഥ, കൃഷി, ഭക്ഷ്യസംസ്കരണം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നടത്തുന്ന ഗവേഷണങ്ങളിൽ ലഭ്യമാകുന്ന വിവരങ്ങൾ രാജ്യത്തു തന്നെ ആദ്യം നടപ്പാക്കാനാകും. 2117 ലെ ഒരു പദ്ധതിക്കു മുൻപേ ഈ മേഖലകളിൽ നേട്ടങ്ങൾ സ്വന്തമാക്കാം. ചൊവ്വയിൽ ജീവിക്കാനാവശ്യമായ വെള്ളത്തെക്കുറിച്ചു നടത്തുന്ന ഗവേഷണങ്ങൾ, കടുത്ത വരൾച്ച അനുഭവപ്പെടുന്ന യുഎഇക്ക് ഗുണകരമാകുകയും ചെയ്യും.

ചൊവ്വയിലെ അണുവികിരണം മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന ഗവേഷണമാണ് മറ്റൊരു പ്രധാന മേഖല. സൂര്യനിൽ നിന്നുള്ള അണുപ്രസരണം ഭൂമിയെ എന്നപോലെ ചൊവ്വയെയും എങ്ങനെ ബാധിക്കുമെന്നു കണ്ടെത്താനുള്ള ഗവേഷണമാണ് പുരോഗമിക്കുന്നത്. 2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർഥ്യമാക്കാനുമുള്ള സ്വപ്നപദ്ധതിക്ക് ഈ വിവരങ്ങൾ പ്രധാന ഘടകമാണെന്നും ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി (എൻവൈയുഎഡി) ചീഫ് റിസർച് സയന്റിസ്റ്റ് ദിമിത്ര അത്രി വ്യക്തമാക്കി.

യുഎഇ ലക്ഷ്യമിടുന്ന ബഹിരാകാശ പദ്ധതികളുടെ തന്ത്രപ്രധാനമായ ആദ്യഘട്ടമാണ് പൂർത്തിയായത്. ചൊവ്വയിൽ ജീവന്റെ സാന്നിധ്യത്തിന് തെളിവു ലഭിച്ചിട്ടില്ലെങ്കിലും സാഹചര്യങ്ങൾ അനുകൂലമാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.