
സ്വന്തം ലേഖകൻ: എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാർക്ക് ഇനി ടിക്കറ്റിനൊപ്പം ദുബായ് എക്സ്പോ 2020 മേള കാണാനുള്ള പാസും ലഭിക്കും. എക്സ്പോ നടക്കുന്ന സമയത്ത് യാത്ര ചെയ്യുന്നവർക്ക് ഒരു ദിവസം മേള ആസ്വദിക്കാനുള്ള പാസാണ് ലഭിക്കുക. ഒക്ടോബർ ഒന്നുമുതൽ അടുത്തവർഷം മാർച്ച് 31വരെ എമിേററ്റ്സിൽ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം.
ആറുമണിക്കൂർ ഇടവേളയുണ്ടെങ്കിൽ ദുബായ് വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കും പാസ് ലഭിക്കും. വിമാനം റദ്ദാക്കുകയോ യാത്രമാറ്റുകയോ ചെയ്താൻ പാസ് അസാധുവാകുമെന്നും എമിറേറ്റ്സ് അറിയിച്ചു. നേരത്തേ ടിക്കറ്റ് എടുത്തവർക്ക് വിവരം നൽകിയാൽ ടിക്കറ്റ് ലഭിക്കും. എക്സ്പോ 2020 പ്രവേശന ടിക്കറ്റ് ജൂലൈ 18മുതൽ ലോകാടിസ്ഥാനത്തിൽ വിൽപന ആരംഭിച്ചിട്ടുണ്ട്.
ആറുമാസം നീണ്ടുനിൽക്കുന്ന മേളയിൽ ഒരുദിവസത്തെ പ്രവേശനത്തിന് 95ദിർഹമാണ് ടിക്കറ്റ് നിരക്ക്. 195ദിർഹമിന് ഒരുമാസത്തെയും 495ദിർഹമിന് ആറുമാസത്തേക്കും ടിക്കറ്റുകൾ ലഭ്യമാണ്. അതിനിടെ എക്സ്പോ 2020 ദുബൈ കോവിഡാനന്തര സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന് പ്രചോദനമാകുമെന്നും മേളയുടെ വിജയത്തിന് യു.എ.ഇയുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമെന്നും ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി വ്യക്തമാക്കി.
“എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ 70 ദശലക്ഷം ഡോളർ മുതൽമുടക്കി. കാരണം ഇത് അത്രയും പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാലാണ്. വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുകയും സാമ്പത്തിക പുനരുജ്ജീവനത്തിന് രാജ്യങ്ങൾക്ക് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്ത യു.എ.ഇയുടെ നിശ്ചയദാർഢ്യത്തെ അഭിവാദ്യം ചെയ്യുന്നു,“ അദ്ദേഹം പറഞ്ഞു.
“വിവിധ മേഖലകളിലുള്ള നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മേക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ കാമ്പയിനുകളെ മുന്നോട്ടുകൊണ്ടുപോകാനും പരിചയപ്പെടുത്താനും എക്സ്പോ ഉപയോഗിക്കും. രാജ്യത്തെ കലയുടെയും പൈതൃകത്തിെൻറയും വിജ്ഞാനത്തിെൻറയും കണ്ടുപിടിത്തങ്ങളുടെയും നാടായി പരിചപ്പെടുത്തും. മുന്നോട്ടുകുതിക്കുന്ന രാജ്യമായി ജനങ്ങൾ ഇന്ത്യയെ തിരിച്ചറിയണം. ലോകവുമായി സംവദിക്കാനും അതിലൂടെ രാജ്യത്തിന് നേട്ടമുണ്ടാക്കാനുമുള്ള അവസരമായി എക്സ്പോയെ ഉപയോഗപ്പെടുത്തും,“ അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല