
സ്വന്തം ലേഖകൻ: ഈ വേനല്‍ക്കാലത്ത് ദുബായിലേക്കു വരുന്ന യാത്രക്കാര്‍ക്ക് കോംപ്ലിമെന്‍ററി 5-സ്റ്റാര്‍ ഹോട്ടല്‍ താമസം വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയര്‍ലൈന്‍. ജൂലൈ 1 മുതല്‍ 21 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഫസ്റ്റ് ക്ലാസ്, അല്ലെങ്കില്‍ ബിസിനസ് ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകള്‍ വാങ്ങുന്ന യാത്രക്കാര്‍ക്ക് ദുബായിലെ ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വീസ് ഹോട്ടലില്‍ രണ്ട് രാത്രി താമസിക്കാനാണ് അവസരം. പ്രീമിയം ഇക്കോണമിയിലോ ഇക്കോണമിയിലോ ബുക്ക് ചെയ്തവര്‍ക്ക് ഒരു രാത്രി സൗജന്യ താമസം ആസ്വദിക്കാം.
ജൂലൈ 4 മുതല്‍ സെപ്റ്റംബര്‍ 15 വരെ യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുക. 24 മണിക്കൂറിലധികം ദുബായില്‍ തങ്ങുന്നവര്‍ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. എയര്‍ലൈനിന്‍റെ വെബ്സൈറ്റ്, ആപ്പ്, ടിക്കറ്റിങ് ഓഫീസുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍ എന്നിവ വഴി നടത്തിയ ബുക്കിങ്ങുകള്‍ക്ക് ഓഫര്‍ ലഭിക്കും. അതേസമയം, യാത്രക്കാര്‍ ദുബായില്‍ എത്തിച്ചേരുന്നതിന് 96 മണിക്കൂര്‍ മുമ്പെങ്കിലും എടുക്കുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ സൗജന്യ താമസം ലഭിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.
ടിക്കറ്റുകള്‍ ഇഷ്യൂ ചെയ്തുകഴിഞ്ഞാല്‍, യാത്രക്കാരുടെ താമസ സൗകര്യം സ്ഥിരീകരിക്കുന്നതിന് യാത്രക്കാരുടെ വിശദാംശങ്ങള്‍ സഹിതം അത് emiratesoffer@emirates.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യേണ്ടതുണ്ട്. മാരിയറ്റ് ഹോട്ടലില്‍ താമസം ലഭ്യമല്ലെങ്കില്‍, സമാനമായ സ്റ്റാര്‍ റേറ്റിങ്ങുള്ള ഹോട്ടലുകളില്‍ താമസം ഏര്‍പ്പാടാക്കും.
എയര്‍ലൈനിന്‍റെ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് പരമാവധി രണ്ട് മുതിര്‍ന്നവര്‍ക്കും 12 വയസ്സ് വരെ പ്രായമുള്ള ഒരു കുട്ടിക്കുമായിരിക്കും സൗജന്യ താമസസൗകര്യം ലഭിക്കുക. ജൂലൈ, ഓഗസ്ത് മാസങ്ങളില്‍ ദുബായില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ മിക്ക വിനോദ, ഷോപ്പിങ് പരിപാടികളെല്ലാം ഇന്‍ഡോറിലാണ് നടക്കുന്നത്. നഗരത്തിലെ വാര്‍ഷിക വിനോദ, ഷോപ്പിങ് ഫെസ്റ്റിവല്‍, ദുബായ് സമ്മര്‍ സര്‍പ്രൈസുകള്‍ തുടങ്ങിയവയാണ് ഇപ്പോഴത്തെ മിക്ക ആകര്‍ഷണങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല