1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2016

സ്വന്തം ലേഖകന്‍: ദുബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ രണ്ടാം ദിവസവും താളംതെറ്റി, പതിനായിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു. 25 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും മുടങ്ങിയത്. സര്‍വീസ് റദ്ദാക്കിയത് മൂലം എമിറേറ്റസിന്റെ കാല്‍ലക്ഷത്തോളം യാത്രക്കാര്‍ ദുരിതത്തിലായി.

മറ്റുള്ള എല്ലാ വിമാനങ്ങളും സമയം തെറ്റിയാണ് സര്‍വീസ് നടത്തി കൊണ്ടിരിക്കുന്നത്. ദുബൈയുടെ ചിലവ് കുറഞ്ഞ വിമാന കമ്പനി ആയ ഫ്‌ലൈ ദുബൈ മാത്രം മുപ്പതോളം സര്‍വീസുകള്‍ റദ്ദാക്കി. ദുബൈ എയര്‍പോര്‍ട്ട് അതോറിറ്റി പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങിയവയുടെ സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി.

എയര്‍ ഇന്ത്യ, എക്‌സ്പ്രസ് വിമാനങ്ങള്‍ ചിലത് ഷാര്‍ജയില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്. ചില വിമാനങ്ങള്‍ പുതിയ ആല്‍മക്തൂം വിമാനത്താവളത്തില്‍ നിന്നും പറക്കുന്നുണ്ട്. മലയാളികളടക്കം നിരവധി യാത്രക്കാരാണ് യാത്ര മുടങ്ങിയതോടെ ദുരിതത്തിലായത്. അവസരം മുതലെടുത്ത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് പറക്കാന്‍ കനത്ത നിരക്ക് ഈടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

എയര്‍പോര്‍ട്ട് പഴയ രീതിയിലാകാന്‍ 36 മണിക്കൂര്‍ വേണമെന്നതിനാല്‍ വെള്ളിയാഴ്ച മുതലേ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാകൂ എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം, വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും അറിയാതെ നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് വിശ്രമ സൗകര്യവും ഭക്ഷണവും, മുഴുസമയ സൗജന്യ വൈഫൈ സൗകര്യവും എയര്‍പോര്‍ട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് എത്തിയ എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ തീപിടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. എഞ്ചിനില്‍ നിന്ന് തീപടരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും വിമാനം പൂര്‍ണ്ണമായും കത്തിനശിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളം അടച്ചിടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.