1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2021

സ്വന്തം ലേഖകൻ: 44 വർഷത്തിനു ശേഷം യുഎസ് ഓപ്പൺ വനിതാ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷുകാരിയായി എമ്മ റഡുക്കാനു. 22 വർഷത്തിന് ശേഷം അരങ്ങേറിയ കൗമാര ഫൈനലിൽ 19 കാരി കാനഡയുടെ ലെയ്‌ല ഫെർണാണ്ടസിനെ തോൽപ്പിച്ചാണ് (6–4, 6–3) എമ്മയു എസ് ഓപ്പൺ വനിത സിംഗിൾസ് ചാംപ്യനായി ചരിത്രം കുറിച്ചത്. ലോക റാങ്കിങ്ങിൽ 150–ാം സ്ഥാനക്കാരിയായാണ് എമ്മ മത്സരത്തിനിറങ്ങിയത്. 73–ാം സ്ഥാനത്തായിരുന്നു ലെ‌യ്‌ല.

ടൂർണമെന്റിൽ ഒരു സെറ്റ് പോലും അടിയറ വയ്ക്കാതെയാണ് എമ്മയുടെ കിരീട ധാരണം. റഷ്യയുടെ മരിയ ഷറപ്പോവയ്‌ക്കു ശേഷം ഗ്രാൻസ്‌ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും (18 വയസ്സ്) എമ്മ സ്വന്തമാക്കി. 2004ൽ വിംബിൾഡൻ വനിതാ സിംഗിൾസ് കിരീടം നേടുമ്പോൾ ഷറപ്പോവയ്ക്കു 17 വയസ്സായിരുന്നു.

കിരീടനേട്ടത്തോടെ ലോക റാങ്കിങ്ങിൽ എമ്മ 23–ാം സ്ഥാനത്തേക്ക് ഉയരും. ലെ‌യ്‌ല 27–ാം സ്ഥാനത്തേക്കും. ഓപ്പൺ കാലഘട്ടത്തിൽ സീഡ് ചെയ്യപ്പെടാത്ത താരങ്ങൾ ഏറ്റുമുട്ടിയ ആദ്യ ഗ്രാൻസ്‌ലാം ഫൈനൽ ആയിരുന്നു ഇത്. ലോക റാങ്കിങ്ങിൽ ആദ്യ 5 സ്ഥാനങ്ങളിലുള്ള 3 താരങ്ങളെ അട്ടിമറിച്ചു കലാശക്കളിക്കെത്തിയ ലെ‌യ്‌ലയ്ക്കു പക്ഷേ ഫൈനലിൽ മികവു തുടരാനായില്ല.

ജയത്തോടെ, ഓപ്പൺ എയറിൽ ക്വാളിഫയർ കളിച്ചെത്തി ഗ്രാൻസ്‌ലാം കിരീടം നേടുന്ന ആദ്യ വനിതയെന്ന റെക്കോർഡും എമ്മ സ്വന്തമാക്കി. 44 വർഷത്തിനു ശേഷമാണ് ഒരു ബ്രിട്ടിഷ് താരം വനിതാ സിംഗിൾസിൽ ഗ്രാൻ‌സ്‌ലാം കിരീടം നേടുന്നത്. 1977ൽ വിംബിൾഡൻ കിരീടം നേടിയ വിർജീനിയ വെയ്ഡാണ് ഇതിനു മുൻപു ബ്രിട്ടനായി ഗ്രാൻ‌സ്‌ലാം കിരീടം ഉയർത്തിയത്.

അർതുർ അഷെ സ്റ്റേഡിയത്തിലെ ചരിത്ര ഫൈനലിനു സാക്ഷ്യം വഹിക്കാൻ ബ്രിട്ടിഷ് ഇതിഹാസ താരങ്ങളായ വിർജീനിയ വെയ്ഡും ടിം ഹെൻമാനും അടക്കമുള്ളവർ എത്തിയിരുന്നു. 17 കാരി സെറീന വില്യംസും 18 കാരി മാർട്ടിന ഹിംഗിസും ഏറ്റമുട്ടിയ 1999 യുഎസ് ഓപ്പൺ ഫൈനലിനു ശേഷം ആദ്യമായാണു ഗ്രാൻ‌സ്‌ലാം സിംഗിൾസ് ഫൈനലിൽ കൗമാരതാരങ്ങൾ ഏറ്റമുട്ടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.